ad
Deshabhimani

അറസ്റ്റ് നിയമവിരുദ്ധം; യുവാവിനെ അന്യായമായി തടങ്കലിൽ വെച്ച യുപി സർക്കാരിന് 10 ലക്ഷം പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി

allahabad HC

അലഹബാദ് ഹൈക്കോടതി (Photo: Wikipedia)

വെബ് ഡെസ്ക്

Published on May 02, 2026, 05:37 PM | 2 min read

അലഹബാദ്: യുവാവിനെ അന്യായമായി തടങ്കലിൽ വെച്ച ഉത്തർപ്രദേശ് സർക്കാരിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച ജസ്റ്റിസ് അബ്ദുല്‍ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ കാരണങ്ങൾ വെളിപ്പെടുത്താതെ കേസ് ക്രൈം നമ്പർ മാത്രമാണ് അറസ്റ്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. “2026 ജനുവരി 27 മുതൽ ഹർജിക്കാരനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതും, 2026 ഏപ്രിൽ 29 വരെ അത് തുടരുന്നതും, മൂന്ന് മാസത്തിലധികം അദ്ദേഹം ജയിലിൽ കഴിഞ്ഞതും പരിഗണിക്കുമ്പോൾ, സംസ്ഥാന അധികാരികളിൽ നിന്ന് 10 ലക്ഷം രൂപ മാതൃകാപരമായ പിഴയായി ഈടാക്കേണ്ടതാണെന്ന് കരുതുന്നു,” എന്ന് ബെഞ്ച് ഉത്തരവിട്ടു.


അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു വ്യക്തിയെയും, എന്ത് കാരണത്താലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ബോധിപ്പിക്കാതെ കസ്റ്റഡിയിൽ പാർപ്പിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 22(1) പ്രകാരം ഓരോ പൗരനും തൻ്റെ അറസ്റ്റിനുള്ള കാരണം അറിയാൻ മൗലികാവകാശമുണ്ട്. നിലവിലെ കേസിൽ, കേസ് നമ്പർ മാത്രം രേഖപ്പെടുത്തി കൃത്യമായ കാരണങ്ങൾ നൽകാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നടപടിക്രമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസത്തോളം തടവിൽ കഴിഞ്ഞ വ്യക്തിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.


ഹർജിക്കാരൻ്റെ അറസ്റ്റ് തന്നെ നിയമവിരുദ്ധമായതിനാൽ, ആ അറസ്റ്റിൻ്റെ അടിസ്ഥാനത്തിൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച റിമാൻഡ് ഉത്തരവും നിലനിൽക്കില്ലെന്നും അത് റദ്ദാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. പിഴ ചുമത്താതിരിക്കാൻ കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കണം എന്ന കോടതിയുടെ മുൻ ഉത്തരവ് പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനെ കോടതി ഗൗരവമായി എടുത്തു. എന്തുകൊണ്ട് മാതൃകാപരമായ പിഴ ചുമത്തരുത് എന്ന കാര്യത്തിൽ മറുപടി നൽകുന്നതിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പരാജയപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി.


ഈ വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി മതിയായ വിശദീകരണം നൽകിയില്ലെന്നും കൃത്യമായ പരിശോധനകളില്ലാതെയാണ് മറുപടി സമർപ്പിച്ചതെന്നും കോടതി വിമർശിച്ചു. അറസ്റ്റ് നടപടികളിലെ പിഴവുകൾക്കൊപ്പം തന്നെ സർക്കാർ സംവിധാനങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തെയും കോടതി ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ കേസിൽ മാതൃകാപരമായ പിഴ ചുമത്തേണ്ടത് അത്യാവശ്യമാണെന്ന് കോടതി വിധിച്ചു. അതനുസരിച്ച്, 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നാല് ആഴ്ചയ്ക്കുള്ളിൽ ഹർജിക്കാരന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഈ തുക ആദ്യം സംസ്ഥാന സർക്കാർ നൽകണമെന്നും പിന്നീട് ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് നിയമപരമായി തുക ഈടാക്കാവുന്നതാണെന്നും അലഹബാദ് ഹൈക്കോടതി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home