യുപിയിൽ ഇതുവരെ തകർക്കപ്പെട്ടത് 151 അംബേദ്കർ പ്രതിമകൾ; അറസ്റ്റിലായത് 14 പേർ മാത്രം: അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി ഭരണത്തിന് കീഴിൽ 151 അംബേദ്കർ പ്രതിമകൾ തകർക്കപ്പെട്ടെന്നും എന്നാൽ നടപടിയെടുത്തത് 14 കേസുകളിൽ മാത്രമാണെന്നും സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭരണഘടന മാറ്റാൻ ബിജെപി ആഗ്രഹിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് ബിജെപി അംബേദ്കർ പ്രതിമകൾക്ക് നേരെ ബോധപൂർവം ആക്രമണം നടത്തിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഈ സർക്കാരിന്റെ കാലത്ത് യുപിയിലെ 72 ജില്ലകളിലായി പ്രതിവർഷം ശരാശരി 15ലധികം പ്രതിമകൾക്ക് ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 151 കേസുകളിൽ 14 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 45 സംഭവങ്ങളിൽ തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ കേസെടുത്തു. 84 കേസുകളിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
ഒന്നാം ആദിത്യനാഥ് സർക്കാരിന്റെ കാലയളവിൽ 46ഉം രണ്ടാം കാലയളവിൽ 105ഉം അംബേദ്കർ പ്രതിമകൾ നശിപ്പിക്കപ്പെട്ടു. ബിജെപി സർക്കാർ അംബേദ്കറെയോ അദ്ദേഹത്തിന്റെ പ്രതിമകളെയോ അനുയായികളെയോ ബഹുമാനിക്കുന്നില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.









0 comments