ad
Deshabhimani

print edition അന്ത്യം നിർണായക 
രാഷ്‌ട്രീയനീക്കത്തിനിടെ

ajith pawar
avatar
എം അഖിൽ

Published on Jan 29, 2026, 03:38 AM | 2 min read


ന്യൂഡൽഹി

​മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലെ അതികായനായ അജിത്‌ പവാറിന്റെ അപ്രതീക്ഷിത അന്ത്യം നിർണായക നീക്കങ്ങൾക്ക്‌ പിന്നാലെ. എൻഡിഎയുടെ ഭാഗമായ എൻസിപി അജിത്‌ പവാർ പക്ഷം മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പല മേഖലകളിലും എൻസിപി ശരദ്‌പവാർ പക്ഷവുമായി കൈകോർത്താണ്‌ മത്സരിച്ചത്‌. ഇതോടെ, അജിത്‌പവാർ എൻഡിഎയിൽനിന്നും അകന്നതായും എൻസിപിയുടെ ഇരുപക്ഷവും പവാർ കുടുംബവും വീണ്ടും ഒന്നായേക്കുമെന്നുമുള്ള സൂചനകളുണ്ടായി. ശരദ്‌ പവാറിന്റെ സഹോരപുത്രനാണ്‌ അജിത്‌ പവാർ.


എൻഡിഎയിൽ അജിത്‌പവാറിന്‌ വലിയ അരക്ഷിതത്വബോധം ഉണ്ടായിരുന്നെന്ന്‌ അടുത്തവൃത്തങ്ങൾ പറയുന്നു. മറ്റ്‌ സംസ്ഥാനങ്ങളിലേതുപോലെ ഘടകകക്ഷികളെ ചോരയൂറ്റിക്കുടിച്ച്‌ നിർജീവമാക്കുന്ന ബിജെപിയുടെ രാഷ്‌ട്രീയതന്ത്രം പാർടിയുടെ എൻസിപിയുടെ ഇല്ലാതാക്കുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശരദ്‌പവാറുമായി കൈകോർക്കാൻ അജിത്‌ പവാർ തീരുമാനിച്ചതിന്‌ പിന്നിലെ കാരണവും മറ്റൊന്നല്ല. പുണെ, പിംപ്രി–ചിഞ്ച്‌വാദ്‌ മേഖലകളിൽ സംയുക്ത പ്രകടനപത്രിക പുറത്തിറക്കി മത്സരിച്ചതോടെ എൻസിപിയുടെ ഇരുപക്ഷങ്ങളും വീണ്ടും ഒരുമിക്കുമെന്ന്‌ ഉറപ്പായി. എന്നാൽ, പവാർ കുടുംബത്തിന്റെയും എൻസിപിയുടെയും ഐക്യമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാനായില്ല.​


നിഷ്‌പക്ഷ അന്വേഷണം 
ആവശ്യപ്പെട്ട്‌ പ്രതിപക്ഷം

​മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്‌പവാറിന്റെ മരണത്തിന്‌ കാരണമായ വിമാനദുരന്തത്തെ കുറിച്ച്‌ സ്വതന്ത്രമായ അന്വേഷണം ആവശ്യമെന്ന്‌ പ്രതിപക്ഷം. കോൺഗ്രസ്‌, സമാജ്‌വാദിപാർടി, തൃണമൂൽ കോൺഗ്രസ്‌ തുടങ്ങിയ പാർടികൾ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.


വിശദമായ അന്വേഷണം വേണമെന്ന്‌ തൃണമൂൽ കോൺഗ്രസ്‌ നേതാവും പശ്‌ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാബാനർജിയാണ്‌ ആദ്യം ആവശ്യപ്പെട്ടത്‌. മഹാരാഷ്ട്രയിലെ ഏറ്റവും ജനപ്രിയനായ നേതാവാണ്‌ മരിച്ചതെന്നും എന്തുകൊണ്ടാണ്‌ ഇ‍ൗ ദുരന്തമുണ്ടായതെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്‌ അനിവാര്യമാണ്‌–അഖിലേഷ്‌ യാദവ് പറഞ്ഞു.


വിമാനം പറത്തിയത് പരിചയസമ്പന്നര്‍

ബാരാമതിയിൽ തകര്‍ന്ന വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ക്യാപ്ടൻ സുമിത് കപൂറും ഫസ്റ്റ് ഓഫീസര്‍ ക്യാപ്ടൻ ശാംഭവി പാഠകും 15000 മണിക്കൂറിലേറെ വിമാനം പറത്തി അനുഭവ സമ്പത്തുള്ളവരാണ്. ​സൈനിക ഉദ്യോഗസ്ഥന്റെ മകളായ ശാംഭവി ന്യൂസിലാൻഡ് ഇന്റര്‍നാഷണൽ കൊമേഴ്സ്യൽ പൈലറ്റ് അക്കാഡമിയിൽനിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഡൽഹി കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏവിയേഷൻ കമ്പനിയായ വിഎസ്ആര്‍ വെന്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസിനസ് ജെറ്റായ ലിയര്‍ജെറ്റ് 45 ആണ് അപകടത്തിൽപ്പെട്ടത്.


മൂന്നുവർഷം മുന്പ്‌ വിഎസ്‌ആർ ഏവിയേഷന്റെ ലിയർജെറ്റ്‌ 45 എക്‌സ്‌ആർ വിമാനം മുംബൈ വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ രണ്ടായി പിളർന്ന്‌ തീപിടിച്ചിരുന്നു. അന്ന്‌ വിമാനത്തിലുണ്ടായിരുന്ന എട്ട്‌പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.


പവാര്‍ കുടുംബത്തിലെ ഭിന്നത

2023 ജൂലൈയിലാണ്‌ അജിത്‌ പവാർ ശരദ്‌ പവാറുമായി പിരിഞ്ഞ്‌ മുതിർന്ന നേതാക്കൾക്കൊപ്പം ബിജെപി–ശിവസേന പാളയത്തിലെത്തിയത്‌. പിന്നീട്‌ അജിത്‌ പവാർ ഉപമുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പ്‌ ചിഹ്‌നമായ ക്ലോക്കിന്റെ പേരിൽ ഇരുപക്ഷവും സുപ്രീംകോടതിയിലെത്തി.


ബിജെപി ക്യാന്പിൽ എത്തുംമുന്പ്‌ ജലസേചനപദ്ധതികളിലെ 70,000 കോടിയുടെ അഴിമതി ഉൾപ്പടെയുള്ള ഗുരുതര ആരോപണങ്ങൾ അജിത്‌ പവാറിനെതിരെ ഉന്നയിക്കപ്പെട്ടിരുന്നു. 1999–2009 കാലത്ത്‌ അജിത്‌പവാർ ജലസേചന മന്ത്രിയായിരിക്കെ വൻ ക്രമക്കേടുകളായിരുന്നു ആരോപണങ്ങൾ ഹേതു. 2012ൽ അജിത്‌ പവാർ മന്ത്രിസ്ഥാനം രാജിവച്ചു. 2019ൽ ശിവസേന–എൻസിപി–കോൺഗ്രസ്‌ സഖ്യം അധികാരത്തിലേറുന്നതിന്‌ ഒരു ദിവസം മുന്പ്‌ വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ അജിത്‌ പവാർ ഉൾപ്പടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ്‌ റാലികളിൽ അജിത്‌ പവാറിനെ ഉടൻ ജയിലിൽ അടയ്‌ക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. കേന്ദ്രഏജൻസികളുടെ വേട്ടയാടലുകൾ ഒഴിവാക്കാൻ ബിജെപി പാളയത്തിലേക്ക്‌ ചേക്കേറുക അല്ലാതെ അജിത്‌ പവാറിന്‌ പോംവഴികളൊന്നും ഇല്ലായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home