ചെലവ് 500 കോടി, നിർമിച്ചിട്ട് മാസങ്ങൾ; മധ്യപ്രദേശിൽ വിമാനത്താവളത്തിന്റെ മതിൽ തകർന്നു

ഭോപ്പാൽ : മധ്യപ്രദേശിലെ രേവയിൽ മഴയെത്തുടർന്ന് വിമാനത്താവളത്തിന്റെ മതിൽ തകർന്നു. 500 കോടി രൂപ മുടക്കി നിർമിച്ച രേവ വിമാനത്താവളത്തിന്റെ മതിലാണ് പ്രദേശത്ത് പെയ്ത മഴയിൽ തകർന്നത്. മാസങ്ങൾക്കു മുമ്പ് മാത്രമാണ് വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. മധ്യപ്രദേശിൽ ഏറ്റവും കൊട്ടിഘോഷിച്ച് നിർമിച്ച പദ്ധതികളിലൊന്നായിരുന്നു രേവ വിമാനത്താവളം. ഇതിന്റെ അതിർത്തി മതിലിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. ഇതോടെ മതിലിന്റെയും വിമാനത്താവളത്തിന്റെയും നിർമാണ നിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നു. നിർമാണത്തിൽ പ്രളയത്തെ പ്രതിരോധിക്കുന്നതിനടക്കമുളള കാര്യങ്ങൾ ചെയ്യുന്നതിലടക്കം വീഴ്ചയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കനത്ത മഴയെത്തുടർന്ന് മതിലിന് താഴെയുള്ള നിലം ഇടിഞ്ഞുവീണതായും രാത്രിയിൽ വിമാനത്താവളത്തിന്റെ പുറം അതിർത്തിയുടെ ഒരു ഭാഗം തകർന്നുവീണതായും നാട്ടുകാർ പറഞ്ഞു. ഇതാദ്യമായല്ല രേവയിൽ അതിർത്തി മതിൽ തകരുന്നത്. കഴിഞ്ഞ വർഷം മഴക്കാലത്ത് വിമാനത്താവളത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കെ മതിലിൽ വിള്ളൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വിന്ധ്യ മേഖലയ്ക്ക് വഴിത്തിരിവാകുന്ന പദ്ധതിയാണ് രേവ വിമാനത്താവളമെന്നായിരുന്നു മോദിയുടെ വാദം.
അഞ്ച് ഗ്രാമങ്ങളിൽ നിന്ന് ഏറ്റെടുത്ത 323 ഏക്കർ ഭൂമിയിൽ 18 മാസത്തിനുള്ളിലാണ് വിമാനത്താവളം പൂർത്തിയാക്കിയത്. 2,300 മീറ്റർ നീളമുള്ള റൺവേയാണ് വിമാനത്താവളത്തിനുള്ളത്. നിലവിൽ ഖജുരാഹോ, ജബൽപൂർ വഴി രേവയെ ഭോപ്പാലുമായി ബന്ധിപ്പിക്കുന്ന രണ്ട് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇപ്പോൾ 19 സീറ്റർ വിമാനങ്ങൾ മാത്രമാണ് ഇവിടം വഴി ഓപ്പറേറ്റ് ചെയ്യുന്നത്. വരും മാസങ്ങളിൽ 72 സീറ്റർ വിമാനങ്ങളായി ഉയർത്താനായുള്ള പദ്ധതികൾ മുന്നോട്ട് പോകുന്നതിനിടെയാണ് മഴയിൽ വിമാനത്താവളത്തിന്റെ അതിർത്തി മതിൽ തകർന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8 ഇഞ്ച് മഴയാണ് രേവയിൽ തുടർച്ചയായി പെയ്തത്. ബിച്ചിയ, ബിഹാർ നദികൾ കരകവിഞ്ഞൊഴുകി, നഗരത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നദീതീരങ്ങളിലെ നാല് പ്രദേശങ്ങളെങ്കിലും വെള്ളത്തിനടിയിലാണ്. വീടുകളിലും കടകളിലും വെള്ളം കയറി.
Airport Wall Collapses After Rain In Madhya Pradesh's Rewa









0 comments