ad
Deshabhimani

പശ്ചിമേഷ്യ യുദ്ധഭീഷണി; വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു, 444 അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കും

flight cancellation

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 01, 2026, 10:10 AM | 1 min read

ന്യൂഡൽഹി : ഇറാനിൽ അമേരിക്കയും യുഎസും നടത്തിയ സംയുക്ത ആക്രമണത്തിനും ഇറാന്റെ പ്രത്യാക്രമണത്തിനും പിന്നാലെ സംഘർ‌ഷം രൂക്ഷമായ സാഹചര്യത്തിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു. മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വിമാനക്കമ്പനികൾ ഞായറാഴ്ച 444 അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.


ശനിയാഴ്ച സിവിൽ ഏവിയേഷൻ മന്ത്രാലയം സാഹചര്യങ്ങൾ അവലോകനം ചെയ്തു. യുദ്ധഭീഷണിയെത്തുടർന്ന് യുഎഇ വ്യോമപാതയടക്കം അടച്ചതോടെയാണ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത്. വിദേശത്തേക്ക് പോകാനെത്തിയ പ്രവാസികളും വിദേശത്തുനിന്ന് നാട്ടിലേക്ക് വരാനിരുന്നവരുമടക്കം നിരവധി പേരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഇന്നലെ ആഭ്യന്തര വിമാനക്കമ്പനികളുടെ 410 വിമാനങ്ങളാണ് രാജ്യത്ത് റദ്ദാക്കിയത്. ഇന്ന് 444 വിമാനങ്ങൾ റദ്ദാക്കുമെന്ന് മന്ത്രാലയം എക്‌സ് പോസ്റ്റിൽ പറഞ്ഞു.


സുരക്ഷയും നിയന്ത്രണങ്ങളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ വിമാനക്കമ്പനികളുമായി നിരന്തര ബന്ധം പുലർ‌ത്തുന്നുണ്ട്. സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി പാസഞ്ചർ അസിസ്റ്റൻസ് കൺട്രോൾ റൂം (പിഎസിആർ) രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇന്നലെ കുടുങ്ങിയത്. ഇറാൻ ​ഗൾഫ് മേഖലകളിലുള്ള യുഎഇ സൈനിക താവളങ്ങൾ ആക്രമിച്ചതോടെ ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു.


ഇസ്രയേൽ, യുഎഇ, ഖത്തർ, സിറിയ, ഇറാൻ, ഇറാഖ്, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ലക്ഷക്കണക്കിന് യാത്രക്കാർ കുടുങ്ങി. പ്രധാന മിഡിൽ ഈസ്റ്റേൺ എയർലൈനുകളുടെ 1,000-ത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായി സ്തംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home