print edition എയർബസ് എ320 വിമാനങ്ങൾ നിലത്തിറക്കി


സ്വന്തം ലേഖകൻ
Published on Nov 30, 2025, 12:00 AM | 1 min read
ന്യൂഡൽഹി: വിമാനങ്ങളുടെ നിയന്ത്രണം നഷ്‌ടമാക്കുന്ന ഗുരുതര തകരാർ കണ്ടെത്തിയതോടെ ഫ്രഞ്ച് വിമാന കമ്പനിയായ എയർബസും യൂറോപ്യൻ യൂണിയൻ വ്യോമയാന സുരക്ഷ ഏജൻസിയും അടിയന്തര സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിന് വ്യോമയാന കന്പനികൾക്ക് നിർദേശം നൽകി. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യാത്രാവിമാനമായ എ320 വിഭാഗത്തിലാണ് തകരാർ. അപ്‌ഡേറ്റ് പൂർത്തിയാക്കാതെ എ 320ന്റെ ശ്രേണിയിൽപ്പെടുന്ന വിമാനങ്ങൾ സർവീസ് നടത്തുന്നത് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിലക്കി.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ കന്പനികളുടെ പക്കൽ ഇൗ ശ്രേണിയിലെ ആകെ 338 വിമാനങ്ങളുണ്ട്. ഇവയിൽ 138 എണ്ണത്തിൽ ശനി വൈകിട്ടോടെ അപ്‌ഡേറ്റ് പൂർത്തിയായി. വിമാനങ്ങൾ റദ്ദാക്കാതെ സമയക്രമം പരിഷ്‌കരിച്ച് നടപടി പൂർത്തിയാക്കാനാണ് വ്യോമയാന കന്പനികൾ ശ്രമിക്കുന്നത്. പല വിമാനങ്ങളും വൈകി.
വെള്ളിയാഴ്‌ചയാണ് ബോയിങ്ങിന്റെ അടിയന്തര ആഗോള ജാഗ്രതാ സന്ദേശം എത്തിയത്. ഏഴായിരത്തോളം എ320 വിമാനങ്ങൾ ലോകവ്യാപകമായി നിലത്തിറക്കി. സൗര കൊടുങ്കാറ്റ് (സോളാർ സ്റ്റോം) വിമാനത്തിന്റെ ഫ്ലൈറ്റ് കൺടോൾ സംവിധാനത്തെ തകിടംമറിക്കുകയും തെറ്റായ സന്ദേശം നൽകാൻ കാരണമാകുന്നതുമാണ് വെല്ലുവിളിയായത്. പൈലറ്റിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായി അപ്രതീക്ഷിതമായി വിമാനം പ്രവർത്തിക്കാൻ ഇതിടയാക്കുന്നു.
മെക്‌സിക്കൻ നഗരമായ കാൻകൂണിൽ നിന്ന് അമേരിക്കയിലെ ന്യൂജേഴ്‌സിയിലേക്ക് ഒക്‌ടോബർ 30ന് പറക്കവേ ജെറ്റ് ബ്ലു കന്പനിയുടെ എ 320 വിമാനത്തിന് പൊടുന്നനെ നിയന്ത്രണം നഷ്‌ടമായിരുന്നു. സഞ്ചരിക്കേണ്ട ഉയരത്തിൽനിന്ന് പൊടുന്നനെ വിമാനം താഴേക്കുപതിച്ചു. ഉടൻ നിയന്ത്രണം തിരിച്ചുപിടിച്ച പൈലറ്റ് ഫ്ലോറിഡയിൽ അടിയന്തര ലാൻഡിങ് നടത്തിയെങ്കിലും 15 യാത്രക്കാർ ആശുപത്രിയിലായിരുന്നു.










0 comments