പശ്ചിമേഷ്യൻ സംഘർഷം
ആകാശയാത്രക്കും ചെലവേറും; എയർ ഇന്ത്യയുടെ മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : വിമാന ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവു വരുത്താൻ സാധ്യതയുണ്ടെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത എല്ലാ ചെലവുകളും മുമ്പത്തേക്കാളും കർശനമായി നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷം വ്യോമയാന മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തി മാർച്ച് 20ന് അയച്ച ഇന്റേണൽ മെമോയിലാണ് എയർ ഇന്ത്യ സിഇഒ ഈ കാര്യങ്ങൾ സൂചിപ്പിച്ചത്. കുതിച്ചുയരുന്ന ഇന്ധനച്ചെലവ് പരിഹരിക്കാനായി ഇന്ത്യൻ വിമാനക്കമ്പനികൾ ഫ്യുവൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ യാത്രക്കാരും ഉയർന്ന നിരക്ക് നൽകാൻ തയ്യാറായെന്നു വരില്ല. അതിനാൽ നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കുന്നതിൽ ഒരു പരിധിയുണ്ട്. സാമ്പത്തിക പ്രതിസന്ധിയും സംഘർഷ സാധ്യതകളും കണക്കിലെടുത്ത് ആളുകൾ യാത്രകൾ ഒഴിവാക്കിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള ഇന്ധന - ഊർജ പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതം അടുത്ത മാസത്തോടെ ആയിരിക്കും തിരിച്ചറിയുക. എണ്ണ ഉൽപാദന കമ്പനികൾ വിമാന ഇന്ധന (ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ) ഇന്ധനവിലയിൽ വരുത്തുന്ന മാറ്റങ്ങൾ അടുത്ത മാസത്തോടെ വിമാനക്കമ്പനികളെ കാര്യമായി ബാധിച്ചു തുടങ്ങും.
ഇന്ധനവില വർധനവ് കാരണം എയർ ഇന്ത്യ മാത്രമല്ല യുണൈറ്റഡ് എയർലൈൻസ്, സ്കാൻഡിനേവിയൻ എയർലൈൻസ് തുടങ്ങിയ പ്രമുഖ കമ്പനികളും സർവീസുകൾ കുറയ്ക്കുന്നുണ്ട്. ഇന്ധനച്ചെലവ്, ടിക്കറ്റ് നിരക്ക്, യാത്രികരുടെ ആവശ്യം എന്നിവ അനുസരിച്ചാണ് വിമാനക്കമ്പനികൾ ക്രമീകരണങ്ങൾ വരുത്തുന്നത്. ലാഭകരമല്ലാത്ത റൂട്ടുകളിലെ യാത്രകൾ ഒഴിവാക്കി സാമ്പത്തിക നഷ്ടം കുറയ്ക്കാനാണ് കമ്പനികളുടെ ശ്രമം.
സംഘർഷം ആരംഭിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ എയർ ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള ഏകദേശം 2500 സർവീസുകൾ റദ്ദാക്കിയതായി സിഇഒ അറിയിച്ചു. വ്യോമപാതകൾ അടച്ചതും സുരക്ഷാ ആശങ്കകളും കാരണം പശ്ചിമേഷ്യയിലേക്കുള്ള എയർഇന്ത്യ സർവീസുകളുടെ വെറും 30% മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള എയർ ഇന്ത്യയുടെ ദീർഘദൂര, അതിദീർഘദൂര സർവീസുകൾ ഇപ്പോൾ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ദൂരക്കൂടുതൽ കാരണം ഇന്ധനച്ചെലവ് കുത്തനെ കൂടുകയും യാത്രക്കാർക്ക് കൂടുതൽ സമയം വിമാനത്തിൽ ചെലവഴിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
പശ്ചിമേഷ്യൻ സംഘർഷം ബാധിക്കാത്ത നേരിട്ടുള്ള വിമാന റൂട്ടുകളിലേക്ക് യാത്രക്കാർ കൂടുന്നുണ്ട്. യൂറോപിലേക്ക് നേരിട്ടുള്ള സർവീസുകൾക്കാണ് ആവശ്യക്കാർ കൂടിയത്. യൂറോപ് റൂട്ടുകളിൽ 118 അധിക വിമാനങ്ങൾ സർവീസ് നടത്തുന്നു. ഗൾഫ് റൂട്ടിൽ പോയിരുന്ന വലിയ വിമാനങ്ങൾ ഇപ്പോൾ ലാഭകരമായ ദീർഘദൂര പാതകളിലാണ് സർവീസ് നടത്തുന്നത്.










0 comments