ad
Deshabhimani

പശ്ചിമേഷ്യയിൽ അയവ്; അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃസ്ഥാപിക്കാൻ എയർ ഇന്ത്യ

Air India.jpg
വെബ് ഡെസ്ക്

Published on Jun 27, 2026, 07:13 AM | 1 min read

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായതോടെ, താൽക്കാലികമായി റദ്ദാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാൻ എയർ ഇന്ത്യ. ഇന്ധനവിലയിലുണ്ടായ കുറവും കമ്പനിക്ക് ആശ്വാസമായിട്ടുണ്ട്.


ഉയർന്ന ഇന്ധനച്ചെലവും വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളും കാരണം കഴിഞ്ഞ മാസം കമ്പനി സർവീസുകളിൽ വലിയ വെട്ടിക്കുറവ് വരുത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ പൂർണമായും അനുകൂലമായാൽ റദ്ദാക്കിയ മുഴുവൻ സർവീസുകളും ഉടൻ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ അറിയിച്ചു.


സുരക്ഷാ കാരണങ്ങളാൽ മെയ് മാസത്തിൽ മാത്രം അന്താരാഷ്ട്ര സർവീസുകളിൽ 27 ശതമാനത്തോളമാണ് എയർ ഇന്ത്യ കുറവ് വരുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സമയത്ത് ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയിരുന്ന ക്രൂഡ് ഓയിൽ വില, ഇപ്പോൾ 70 ഡോളറിലേക്ക് താഴ്ന്നത് വിമാന കമ്പനികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.


ഇന്ധനച്ചെലവിലുണ്ടായ ഈ കുറവ് സർവീസുകൾ പഴയതുപോലെ ലാഭകരമായി നടത്തുന്നതിന് കമ്പനിയെ സഹായിക്കും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി– മെൽബൺ, ഡൽഹി– സിഡ്‌നി തുടങ്ങിയ പ്രധാന റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് സർവീസുകൾ ഉണ്ടായിരുന്നത് നാലായി കുറച്ചിരുന്നു.


ഇവ ഉൾപ്പെടെയുള്ള സർവീസുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് എയർ ഇന്ത്യയുടെ തീരുമാനം. അതേസമയം, പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിന്നിരുന്ന ഘട്ടത്തിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ നാവികരെ രക്ഷപ്പെടുത്താനുള്ള ദൗത്യം സുരക്ഷാ കാരണങ്ങളാൽ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (ഐഎംഒ) നിർത്തിവെച്ചിരുന്നു.


മേഖലയിൽ സമാധാനം മടങ്ങിവരുന്നതോടെ ഇത്തരം ദൗത്യങ്ങളും ഗതാഗത സൗകര്യങ്ങളും പൂർണ്ണമായി പഴയ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് വ്യോമയാന മേഖല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home