സ്വന്തം തോട്ടത്തിലെ കൃഷിക്ക് വേണ്ടി ഒരു കോടി സബ്സിഡി കൈപ്പറ്റി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ആരോപണം

ന്യൂഡൽഹി: കേന്ദ്ര കൃഷി സഹമന്ത്രിയായ ഭഗീരഥ് ചൗധരി പച്ചക്കറികൃഷിക്ക് വേണ്ടി ഒരു കോടി സബ്സിഡി വാങ്ങിയെന്ന് ആരോപണം. ഭഗീരഥ് ചൗധരി വൈസ് പ്രസിഡന്റായിരിക്കുന്ന 'നാഷണൽ ഹോർട്ടികൾച്ചർ ബോർഡ്' (എൻഎച്ചബി) നൽകുന്ന സബ്‌സിഡി, അദ്ദേഹം സ്വന്തം കൃഷിഭൂമിയിലെ പച്ചക്കറികൃഷിക്കായി കൈപ്പറ്റിയെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ ദീദ്വാന-കുച്ചമൻ ജില്ലയിലെ പീ ഗ്രാമത്തിലെ വെള്ളരി കൃഷിക്കാണ് സബ്സിഡി വാങ്ങിയത്.
പദ്ധതിയുടെ ഭാഗമായി കൃഷിക്ക് ആകെ ചെലവായതിന്റെ 50 ശതാമാനമാണ് സബ്സിഡിയായി ലഭിക്കുന്നത്. ഏകദേശം 4 ഏക്കർ സ്ഥലത്തെ വെള്ളരിക്ക കൃഷിക്ക് ആകെ ചെലവ് 1.99 കോടി രൂപയാണെന്നാണ് കണക്ക്. ഇതിൽ സബ്സിഡി ഇനത്തിൽ 99 ലക്ഷം മന്ത്രി കൈപ്പറ്റിയെന്നാണ് ആരോപണം. പദ്ധതിക്കായി 1.49 കോടി രൂപ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് വായ്പയെടുത്തു. 2025 ഏപ്രിൽ 15ന് അപേക്ഷ നൽകി 14 ദിവസത്തിനുള്ളിൽ 'തത്വത്തിൽ അംഗീകാരം' ലഭിച്ചു. മാർച്ച് 30ന് സബ്‌സിഡി തുക അതിവേഗം ബാങ്ക് അക്കൗണ്ടിൽ എത്തി.
പദ്ധതിക്ക് അപേക്ഷിക്കുന്ന സമയത്ത്, പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ ആസ്തി വിവരങ്ങളിൽ ഈ പദ്ധതിയെക്കുറിച്ച് മന്ത്രി പരാമർശിച്ചിരുന്നില്ല. 2018-ൽ മന്ത്രിയും അദ്ദേഹത്തിന്റെ മകനും ഇതേ സബ്‌സിഡിക്കായി അപേക്ഷിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ തള്ളിയിരുന്നു. കൃഷി സഹമന്ത്രിയായ ഭഗീരഥ് ചൗധരി എൻഎച്ചബിയുടെ എക്സ്-ഒഫീഷ്യോ വൈസ് പ്രസിഡന്റാണ്. പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത് ബോർഡിലെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ഇല്ലാത്ത ഒരു പ്രത്യേക സമിതിയാണ്. മന്ത്രിക്ക് നേരിട്ട് ഇടപെടാനാകില്ലെങ്കിലും, ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനീച്ച് പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയെന്നാണ് ആരോപണം.









0 comments