ലോകകപ്പ് ചരിത്രമെഴുതി കേപ് വെർദെ; പ്രീക്വാർട്ടറിൽ അർജന്റീനയെ നേരിടും

ഹ്യൂസ്റ്റൺ: ലോകകപ്പിൽ അത്ഭുതക്കുതിപ്പ് തുടരുന്ന കേപ് വെർദെ നോക്കൗട്ട് റൗണ്ടിലേക്ക്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സൗദി അറേബ്യയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് ഈ കൊച്ചു ദ്വീപ് രാഷ്ട്രം ചരിത്രനേട്ടം സ്വന്തമാക്കിയത്.
ജൂലൈ മൂന്നിന് മിയാമിയിൽ നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ അർജന്റീനയാണ് കേപ് വെർദെയുടെ എതിരാളികൾ. ഗ്രൂപ്പ് എച്ചിൽ നടന്ന നിർണായക മത്സരത്തിൽ സ്പെയിൻ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേയെ പരാജയപ്പെടുത്തിയതും കേപ് വെർദെക്ക് തുണയായി.
ഗ്രൂപ്പിൽ സ്പെയിൻ ഒന്നാമതെത്തിയപ്പോൾ, മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി കേപ് വെർദെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. 5 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ ആഫ്രിക്കൻ രാഷ്ട്രം ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ലോക റാങ്കിങ്ങിൽ 67-ാം സ്ഥാനക്കാരായ കേപ് വെർദെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തെടുത്തത് പോരാട്ടവീര്യമായിരുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ തളച്ചാണ് അവർ വരവറിയിച്ചത്.
തുടർന്ന് രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയെ 2-2 എന്ന നിലയിൽ സമനിലയിൽ പിടിച്ചും അവർ ഞെട്ടിച്ചു. ഹ്യൂസ്റ്റണിൽ നടന്ന സൗദി അറേബ്യക്കെതിരായ മത്സരത്തിൽ കേപ് വെർദെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സൗദി പ്രതിരോധ താരം ഹസൻ അൽ തമ്പക്തിക്ക് പരിക്കേറ്റ് പുറത്തായത് അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ജാമിറോ മൊണ്ടേറോയും കെവിൻ പിനയും ലഭിച്ച സുവർണ്ണാവസരങ്ങൾ പാഴാക്കിയില്ലായിരുന്നെങ്കിൽ കേപ് വെർദെയ്ക്ക് ജയത്തോടെ മുന്നേറാമായിരുന്നു.
എങ്കിലും, ഒരു പോയിന്റ് സമനില അവർക്ക് പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കി. അതേസമയം, ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിച്ച സ്പെയിൻ പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ജെയിലെ രണ്ടാം സ്ഥാനക്കാരായ അൾജീരിയയെയോ ഓസ്ട്രിയയെയോ നേരിടും. ജൂലൈ മൂന്നിന് നടക്കുന്ന അർജന്റീന - കേപ് വെർദെ പോരാട്ടം ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.









0 comments