നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്യാമ്പയിനുമായി സിജെപി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി "പ്രധാൻ ഗോ ബാക്ക്" എന്ന പേരിൽ സിജെപി കാമ്പയിൻ ആരംഭിച്ചു.
വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും വിദ്യാഭ്യാസ മന്ത്രി സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടുള്ള സിജെപിയുടെ പ്രക്ഷോഭം വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന കോർഡിനേഷൻ യോഗത്തിന് ശേഷം നേതാക്കൾ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
പ്രതിഷേധങ്ങളുടെ ഭാഗമായി നാളെ (ജൂൺ 28) ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന വമ്പിച്ച പ്രതിഷേധ സംഗമത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും കർഷകരും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും അണിനിരക്കും.
പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും സമരത്തിൽ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കും. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സിജെപിയുടെ തീരുമാനം.
പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയും ക്രമക്കേടുകളും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചുവെന്നും, അതിനാൽ മന്ത്രിയുടെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും സിജെപി നേതൃത്വം ആവർത്തിച്ചു.









0 comments