സുരക്ഷാ പ്രശ്നം: വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും റദ്ദാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു.
യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സ്ഥിതിഗതികൾ സജീവമായി നിരീക്ഷിക്കുകയാണെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
സാധാരണ സേവനങ്ങൾ പുനഃസ്ഥാപിക്കാൻ തങ്ങളുടെ ടീമുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് എയർലൈൻ സ്ഥിരീകരിച്ചു. ലേ, ശ്രീനഗർ, ജമ്മു, ധർമ്മശാല, കാണ്ട്ല, അമൃത്സർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.അമൃത്സറിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെയുള്ള മറ്റ് വിമാന സർവീസുകൾ മെയ് 15 മുതൽ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു.
വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വെബ്‌സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ നിർദേശിച്ചു.
0 comments