ad
Deshabhimani

വിമാനങ്ങളിലെ സാങ്കേതിക തകരാറുകൾ: എയർ ഇന്ത്യ ഗ്രൂപ്പ് ഒന്നാമതെന്ന് കേന്ദ്ര സർക്കാർ

Air India.jpg
വെബ് ഡെസ്ക്

Published on Feb 06, 2026, 06:41 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ആഭ്യന്തര വിമാനക്കമ്പനികളിലെ വിമാനങ്ങൾ നേരിടുന്ന ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളിൽ എയർ ഇന്ത്യ ഗ്രൂപ്പ് ഒന്നാമതെന്ന് കേന്ദ്ര സർക്കാർ.


പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, പരിശോധനയ്ക്ക് വിധേയമാക്കിയ എയർ ഇന്ത്യ വിമാനങ്ങളിൽ പത്തിൽ ഏഴെണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്.


ലോക്സഭയിൽ വ്യാഴാഴ്ച വ്യോമയാന മന്ത്രാലയം നൽകിയ വിവരങ്ങൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ വിവിധ വിമാനക്കമ്പനികളിലായി മൊത്തം 377 വിമാനങ്ങളിൽ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഇതിൽ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പ്രകടനം അതീവ ഗുരുതരമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എയർ ഇന്ത്യയുടെ പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്.


എയർ ഇന്ത്യ എക്സ്പ്രസിന്റെ പരിശോധിച്ച 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സമാനമായ പ്രശ്നങ്ങളുണ്ട്. എയർ ഇന്ത്യ ഗ്രൂപ്പിലുടനീളമുള്ള 267 വിമാനങ്ങളിൽ 191 എണ്ണവും (ഏകദേശം 72%) തകരാറുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇൻഡിഗോയുടെ 405 വിമാനങ്ങളിൽ 148 എണ്ണത്തിൽ തകരാറുകൾ കണ്ടെത്തി.


സ്പൈസ് ജെറ്റിന്റെ 43 വിമാനങ്ങളിൽ 16 എണ്ണത്തിലും തകരാറുകൾ റിപ്പോർട്ട് ചെയ്തു. വിമാനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ പാർലമെന്റിനെ അറിയിച്ചു.


കഴിഞ്ഞ വർഷം ഡിജിസിഎ 3,890 സർവൈലൻസ് ഇൻസ്പെക്ഷനുകളും 56 റെഗുലേറ്ററി ഓഡിറ്റുകളും നടത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home