ഭാര്യയുമായി തർക്കം; രണ്ട് ഭാര്യാസഹോദരിമാരെ വെടിവെച്ചു കൊന്ന് യുവാവ്

റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്‌പൂരിൽ കുടുംബകലഹത്തെത്തുടർന്ന് രണ്ട് ഭാര്യാസഹോദരിമാരെ വെടിവെച്ചു കൊന്ന് യുവാവ്. കൊലപാതകത്തിനുശേഷം, പന്ദ്രി സ്വദേശിയായ ജിതേന്ദ്ര വർമ്മ പൊലീസിൽ കീഴടങ്ങി. ചൊവ്വാഴ്ച വൈകിട്ട് പന്ദ്രിയിലെ ഉഷ പ്രൈഡ് അപ്പാർട്ട്‌മെന്റിലാണ് സംഭവം.
ജിതേന്ദ്രയും ഭാര്യ ഖിലേഷ്വരിയും പത്ത് വർഷം മുൻപാണ് വിവാഹിതരായത്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ജിതേന്ദ്രയുടെ മദ്യപാനത്തെ ഖിലേഷ്വരി എതിർത്തതോടെ ഇവർ മകളോടൊപ്പം സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു. ഇടയ്ക്കിടെ മകളെ കാണാൻ ജിതേന്ദ്ര ഇവിടെ എത്താറുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി തന്റെ ലൈസൻസുള്ള പിസ്റ്റളുമായാണ് ജിതേന്ദ്ര ഖിലേഷ്വരിയുടെ വീട്ടിലെത്തിയത്. എന്നാൽ ഭാര്യയും മകളും ബന്ധുവീട്ടിൽ പോയതിനാൽ അവരെ അവിടെ കണ്ടെത്താനായില്ല. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ജിതേന്ദ്ര വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ നെറ്റിയിൽ പരിക്കേറ്റ ഗീതാഞ്ജലി വർമ്മ (26), പുറത്ത് വെടിയേറ്റ ദുർഗേശ്വരി വർമ്മ (24) എന്നിവർ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
കുടുംബത്തിലെ കൂടുതൽ അംഗങ്ങളെ ജിതേന്ദ്ര ലക്ഷ്യമിട്ടിരുന്നതായി പൊലീസ് സംശയിക്കുന്നു. വെടിവെപ്പിനിടെ തോക്കിന് തകരാർ സംഭവിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. സംഭവസ്ഥലത്ത് നിന്ന് ഉപയോഗിക്കാത്ത തിരകളും കണ്ടെടുത്തു. റായ്‌പൂരിൽ ബോഡിഗാർഡായി ജോലി ചെയ്തിരുന്ന ജിതേന്ദ്ര പിന്നീട് പന്ദ്രി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ജിതേന്ദ്രയുടെ അമ്മായിയമ്മയാണ് സംഭവത്തിലെ ഏക ദൃക്‌സാക്ഷി. ഇവരുടെ മൊഴി അന്വേഷണത്തിൽ നിർണ്ണായകമാകും. കേസിൽ അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മായങ്ക് ഗുർജർ അറിയിച്ചു.










0 comments