'വധുക്കൾ വേശ്യകളെപ്പോലെ, പുരുഷന്മാർ പന്നികളെപ്പോലെ'; അധിക്ഷേപ പരാമർശവുമായി എഐഎംഐഎം നേതാവ് അഖ്തറുൽ ഈമാൻ

പട്ന: മുസ്ലിം വിവാഹച്ചടങ്ങുകളിലെ സ്ത്രീകളുടെ വസ്ത്രധാരണത്തെയും ആചാരങ്ങളെയും അധിക്ഷേപിച്ച് എഐഎംഐഎം ബിഹാർ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ അഖ്തറുൽ ഇമാൻ. വിവാഹവേദിയിൽ വധുക്കൾ വേശ്യകളെപ്പോലെ ഇരിക്കുകയാണെന്നും അവരെ നോക്കിനിൽക്കുന്ന പുരുഷന്മാർ പന്നികളെപ്പോലെയാണെന്നുമായിരുന്നു പരാമർശം. സ്ത്രീകൾ പർദ ധരിക്കാത്തതിനെയും പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനെയും അധിക്ഷേപിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.
മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് പങ്കെടുക്കുന്നതിനെയും വധുക്കളുടെ മുഖം അതിഥികൾക്കുമുന്നിൽ അനാവരണം ചെയ്യുന്ന 'മുഹ് ദിഖായി' എന്ന ചടങ്ങിനെയുമാണ് അഖ്തറുൽ ഇമാൻ വിമർശിച്ചത്. പുരുഷന്മാർക്ക് നാണം നഷ്ടപ്പെട്ടോയെന്നും ഇത്തരത്തിൽ സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നത് പന്നികളുടെ സ്വഭാവമാണെന്നും ഇമാൻ പറഞ്ഞു.
വിവാഹങ്ങളിൽ സ്ത്രീകൾ തലമറയ്ക്കാതെ പങ്കെടുക്കുന്നതിനെയും ഇമാൻ അധിക്ഷേപിച്ചു. സ്ത്രീകൾ തലയിൽ ദുപ്പട്ട ധരിക്കുന്നതിനേക്കാൾ കൂടുതൽ പുരുഷന്മാർ തൊപ്പി ധരിക്കുന്ന കാലമാണിതെന്നായിരുന്നു പരിഹാസം. ഇസ്ലാമിൽ സ്ത്രീകൾ പർദ ധരിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ ഇമാൻ, സ്ത്രീകൾ എന്ത് ധരിക്കണമെന്ന കാര്യത്തിൽ മതത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന നിലപാടാണ് ആവർത്തിച്ചത്.
പരാമർശങ്ങൾ വിവാദമായിട്ടും നിലപാട് തിരുത്താൻ ഇമാൻ തയ്യാറായില്ല. ഹിന്ദു വിവാഹിതരായ സ്ത്രീകൾ സിന്ദൂരം ധരിക്കുന്നതിനേക്കാൾ പ്രധാനമാണ് മുസ്ലിം സ്ത്രീകൾ പർദ ധരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഉപയോഗിച്ചത് കടുത്ത വാക്കുകളാണെന്ന് സമ്മതിച്ച ഇമാൻ, സമയത്ത് ഉണരാൻ കൂട്ടാക്കാത്ത കുട്ടിയുടെ മുഖത്തടിക്കുന്നതുപോലെയാണ് തന്റെ വാക്കുകളെന്നും ന്യായീകരിച്ചു. മതവിശ്വാസം പിന്തുടരുന്ന സാധാരണ മുസ്ലിങ്ങളെ ഉദ്ദേശിച്ചാണ് പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇമാന്റെ പരാമർശങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ അവഹേളിക്കുന്നതാണെന്ന് ബിജെപി നേതാവ് ഡാനിഷ് ഇഖ്ബാൽ വിമർശിച്ചു. സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും വിവിധ മേഖലകളിൽ മുന്നേറുകയും ചെയ്യുന്ന കാലത്ത് ഒരു എംഎൽഎ ഇത്തരത്തിൽ സംസാരിക്കുന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശരീഅത്ത് നിയമങ്ങളെക്കുറിച്ച് ഇത്ര ആശങ്കയുണ്ടെങ്കിൽ ഇമാൻ അഫ്ഗാനിസ്ഥാനിൽ പോയി താമസിക്കട്ടെയെന്നും ഇഖ്ബാൽ പരിഹസിച്ചു.
സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ അറപ്പുളവാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് മുംതാസ് പട്ടേൽ പറഞ്ഞു. മുസ്ലിം സമൂഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടിയുടെ നേതാവ് സ്ത്രീകളെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല. ഇസ്ലാം സ്ത്രീകളെ അപമാനിക്കാൻ അനുവദിക്കുന്നില്ലെന്നും മുംതാസ് പറഞ്ഞു.
ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ ചെയർമാനും മതപണ്ഡിതനുമായ മൗലാന ഖാലിദ് റഷീദ് ഫറംഗി മഹലിയും ഇമാന്റെ പരാമർശങ്ങളെ വിമർശിച്ചു. ഇത്തരം ഭാഷയ്ക്ക് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നും ആരും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.








0 comments