ad
Deshabhimani

തൊഴിലുറപ്പ് അട്ടിമറിക്കെതിരെ വൻ പ്രതിഷേധം; രാജ്യവ്യാപകമായി ബില്ലിന്റെ കോപ്പി കത്തിച്ച് കിസാൻ സഭ

Kisan Sabha.jpg
വെബ് ഡെസ്ക്

Published on Dec 19, 2025, 04:44 PM | 1 min read

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന 'ബിബ്ലി ജി-റാം ജി' ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി അഖിലേന്ത്യാ കിസാൻ സഭ. ജനാധിപത്യത്തെ പരിഹസിച്ചുകൊണ്ട് പാർലമെന്റിൽ ബിൽ പാസാക്കിയ ബിജെപി-എൻഡിഎ സർക്കാരിന്റെ നടപടിയെ കിസാൻ സഭ അപലപിച്ചു.


പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി ബില്ലിന്റെ പകർപ്പുകൾ കത്തിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ അവഗണിച്ച് ചർച്ചകളോ വോട്ടെടുപ്പോ കൂടാതെ ശബ്ദവോട്ടോടെയാണ് ലോക്‌സഭയിൽ ബിൽ പാസാക്കിയത്. കോടിക്കണക്കിന് ഗ്രാമീണ തൊഴിലാളികളുടെ തൊഴിൽ ചെയ്യാനുള്ള നിയമപരമായ അവകാശത്തെ ഇല്ലാതാക്കുന്നതാണ് ഈ നടപടിയെന്ന് കിസാൻ സഭ പ്രസ്താവനയിൽ പറഞ്ഞു.


തൊഴിലാളി സംഘടനകളുമായോ സംസ്ഥാന സർക്കാരുകളുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഈ സ്വേച്ഛാധിപത്യ നീക്കം നടത്തിയത്. മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കി ആർഎസ്എസ് ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജി-റാം ജി എന്ന പേര് നൽകുന്നത് കേവലം പ്രതീകാത്മകമല്ല.


കാർഷിക സീസണുകളിൽ തൊഴിൽ നിഷേധിക്കാനും, തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കാനും, സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനും ഈ ബില്ല് വഴിയൊരുക്കും. ഡിജിറ്റൽ തടസ്സങ്ങൾ സൃഷ്ടിച്ച് ഗ്രാമീണ തൊഴിലാളികളെ പദ്ധതിയിൽ നിന്ന് പുറന്തള്ളാനാണ് കേന്ദ്ര നീക്കം.


ഇത് ഗ്രാമീണ മേഖലയിലെ കൂലി കുറയ്ക്കാനും ദാരിദ്ര്യം വർദ്ധിപ്പിക്കാനും കാരണമാകുമെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. എൻആർഇജിഎ സംഘർഷ് മോർച്ചയും സംയുക്ത കിസാൻ മോർച്ചയും ആഹ്വനം ചെയ്ത പ്രതിഷേധത്തിന് എഐകെഎസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


കൂടാതെ, ഡിസംബർ 22-ന് ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രതിഷേധ ദിനത്തിൽ കർഷകർ വൻതോതിൽ അണിനിരക്കണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.


തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തണമെന്നും വർഷത്തിൽ 200 ദിവസത്തെ തൊഴിലും അർഹമായ കൂലിയും നിയമപരമായ അവകാശമായി ഉറപ്പാക്കണമെന്നും എഐകെഎസ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home