ബംഗാളിൽ ഇടതുമുന്നണിക്കും തമിഴ്നാട്ടിൽ മതനിരപേക്ഷ പുരോഗമന സഖ്യത്തിനുമൊപ്പം; അഖിലേന്ത്യ കിസാൻ സഭ

ന്യൂഡൽഹി: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കാനും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിന് വേണ്ടി ബംഗാളിൽ ഇടതുമുന്നണിക്കും തമിഴ്നാട്ടിൽ മതനിരപേക്ഷ പുരോഗമന സഖ്യത്തിനും ഒപ്പം (SPA, സെക്കുലർ പ്രോഗ്രസീവ് അലൈൻസ്) നില്‍ക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ. ബംഗാളിലും തമിഴ്നാട്ടിലും തൃണമൂൽ കോൺഗ്രസ്, ബിജെപി സഖ്യങ്ങളെ പരാജയപ്പെടുത്തണം. പശ്ചിമ ബംഗാളിൽ ഇടതുമുന്നണിയും തമിഴ്നാട്ടിൽ മതനിരപേക്ഷ പുരോഗമന സഖ്യവും ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും കിസാന്‍ സഭ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
2014-ലെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത താങ്ങുവില നടപ്പിലാക്കാതെ കഴിഞ്ഞ 12 വർഷമായി ബിജെപി സർക്കാർ കർഷകരെ വഞ്ചിക്കുകയാണ്. വളം, കീടനാശിനികൾ, ഭക്ഷണം എന്നിവയുടെ സബ്‌സിഡി വെട്ടിക്കുറച്ചതും ഇന്ധനവില വർധിപ്പിച്ചതും കൃഷിച്ചെലവ് കുത്തനെ കൂട്ടിയതും കർഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിച്ചു. പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും കർഷക വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും സംഘടന ആരോപിച്ചു.
അതേസമയം, തമിഴ്‌നാട്ടിൽ നെല്ലിന് കിലോയ്ക്ക് 35 രൂപയും, കരിമ്പിന് ടണ്ണിന് 4500 രൂപയും, പാലിന് ലിറ്ററിന് 5 രൂപ അധികവും നൽകുമെന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ പ്രഖ്യാപനത്തെ കിസാൻ സഭ സ്വാഗതം ചെയ്തു. ഈ തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കർഷകർക്ക് ആശ്വാസം തീർക്കുമെന്നും കിസാൻ സഭ പറയുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ബിജെപിയുടെ കേന്ദ്രീകരണ നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. കേന്ദ്ര നികുതി വിഹിതത്തിന്റെ 50% സംസ്ഥാനങ്ങൾക്ക് നൽകണമെന്നും, വിവാദമായ വൈദ്യുതി ബില്ല് 2025, സീഡ് ബില്ല് 2025, ലേബർ കോഡുകൾ എന്നിവ പിൻവലിക്കണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാനും വർഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനും ബിജെപി-എൻഡിഎ സഖ്യത്തെയും തൃണമൂലിനെയും തുരത്തേണ്ടത് അനിവാര്യമാണെന്നും കിസാൻ സഭ അറിയിച്ചു.
ബംഗാളിൽ അധികാരത്തിൽ വന്നാൽ സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമെന്നും 16 അവശ്യവിളകൾക്ക് ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറയുന്നു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ പഞ്ചായത്ത് തലത്തിൽ സഹകരണ സംഘങ്ങളും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളും രൂപീകരിക്കും. അടച്ചുപൂട്ടിയ തേയിലത്തോട്ടങ്ങൾ തുറക്കുമെന്നും ജൂട്ട്-അഗ്രോ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, എംഎസ്എംഇ (MSME Micro, Small, and Medium Enterprises) മേഖലകളെ ആധുനികവൽക്കരിക്കുമെന്നും ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നുണ്ട്.









0 comments