‘സുശീല ഗോപാലൻ – സമരഭൂമികളിൽ പതറാതെ’ പുസ്‌തകം പ്രകാശിപ്പിച്ചു
print edition തുടരും, ഐക്യപോരാട്ടം ; മഹിളാ അസോസിയേഷന്‍ ദേശീയ സമ്മേളനം സമാപിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളന വേദിയിൽ ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയവർ നൃത്തം ചെയ്യുന്നു
സരോജിനി ബാലാനന്ദൻ നഗർ (ഹൈദരാബാദ്)
മനുവാദത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഐക്യപോരാട്ടത്തിന് ആഹ്വാനം ചെയ്‌ത അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന് സമാപനം. നാലുദിവസത്തെ സമ്മേളനം വിവിധ ദേശീയ സാർവദേശീയ രാഷ്‌ട്രീയ വിഷയങ്ങളിൽ ചർച്ച നടത്തി. സാധാരണക്കാരായ സ്‌ത്രീകൾക്കിടയിൽ മതാഘോഷങ്ങളിലൂടെ അന്ധവിശ്വാസം പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ഹിന്ദുത്വ കോർപറേറ്റ് ശക്തികളെ ചെറുക്കാൻ സമ്മേളനം ആഹ്വാനംചെയ്‌തു. താഴേത്തട്ടിൽ മഹിളാ അസോസിയേഷന്റെ പ്രവർത്തനം വ്യാപിപ്പിച്ച് സ്‌ത്രീകളിൽ വ്യക്തിത്വ അവബോധമുണ്ടാക്കും. സ്‌ത്രീവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കണമന്നും തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിൽനിന്നുള്ള 200 പേരുൾപ്പെടെ 850 പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമായി. 18 പ്രമേയങ്ങൾ സമ്മേളനം ഐകകണ്ഠ്യേന അംഗീകരിച്ചു. വിവിധ കമീഷനുകളായി തിരിഞ്ഞുള്ള ഏഴ് റിപ്പോർട്ടുകൾ മൈമുന മൊല്ല, കീർത്തി സിങ്, റാംപരി, മഞ്ജീത് റാഠി, അർച്ചന പ്രസാദ്, ആശാ ശർമ, പി സതീദേവി എന്നിവർ അവതരിപ്പിച്ചു. രണ്ട് കരട് റിപ്പോർട്ടുകളിലുള്ള ചർച്ചയിൽ 25 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 76 പ്രതിനിധികൾ പങ്കെടുത്തു. സാർവദേശീയ–ദേശീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ബിച്ചു എക്‌സ് മലയിൽ, പി എം ആതിര, പി ജിജി എന്നിവരും പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ട്രാൻസ്‌ജെൻഡർ പ്രതിനിധി ശ്യാമ എസ് പ്രഭ, പി വി പ്രീത, ഷൈനി, ശ്രീജ ഷൈജുദേവ് എന്നിവരും കേരളത്തിൽനിന്ന് പങ്കെടുത്തു. കേരളത്തിന്റെ സ്‌ത്രീപക്ഷ നിലപാടുകൾക്ക് സമ്മേളനം ഐക്യദാർഢ്യം അറിയിച്ചു. ഫെബ്രുവരി 12ന്റെ ദേശീയപണിമുടക്കിൽ മഹിളാഅസോസിയേഷന്റെ എല്ലാ അംഗങ്ങളും പങ്കാളികളാകണമെന്നും ആഹ്വാനം ചെയ്തു.
അവകാശങ്ങൾ നേടിയെടുക്കും: കനിനിക ഘോഷ്
പ്രതിസന്ധികൾ എന്തുതന്നെയായാലും അവകാശങ്ങൾ നേടിയെടുക്കുകതന്നെ ചെയ്യുമെന്ന് കനിനിക ഘോഷ് ബോസ് പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ചുതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അവർ. അവകാശപ്പോരാട്ടങ്ങളിൽ സംഘടന മുന്നിലുണ്ടാകും. ഹിന്ദുത്വ വർഗീയ ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കാതെ പോരാടും. ലേബർ കോഡുകൾക്കെതിരെയും തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുന്നതിനായും രാജ്യവ്യാപക പ്രക്ഷോഭങ്ങൾ നടത്തുമെന്നും കനിനിക പറഞ്ഞു.
‘സുശീല ഗോപാലൻ – സമരഭൂമികളിൽ പതറാതെ’ പുസ്‌തകം പ്രകാശിപ്പിച്ചു
സുശീലാ ഗോപാലന്റെ ജീവിതം ആസ്‌പദമാക്കി ടി ഗീനാകുമാരി രചിച്ച ‘സുശീല ഗോപാലൻ–സമരഭൂമികളിൽ പതറാതെ’ ഉൾപ്പെടെ ഏഴു പുസ്‌തകങ്ങൾ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളന വേദിയിൽ പ്രകാശിപ്പിച്ചു.
മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ കൊള്ളയെക്കുറിച്ച് മഹിളാ അസോസിയേഷൻ നടത്തിയ സർവേ റിപ്പോർട്ട് ‘സ്‌ത്രീകളുടെ വർധിച്ചുവരുന്ന കടബാധ്യതയും എംഎഫ്ഐ കൊള്ളയും’, മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘ദ കേരള സ്റ്റോറി' - സ്‌ത്രീജീവിതത്തിലെ മാറ്റങ്ങളും ഇടതുപക്ഷ ബദലും, ആന്ധ്രാ മഹിളാ സംഘം സമ്മേളന റിപ്പോർട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ, സോഷ്യൽ റിഫോം യാത്രയ്‌ക്കായി സുഭാഷിണി അലി തയ്യാറാക്കിയ ലഘുലേഖയുടെ തെലുഗു പരിഭാഷ, എസ് പുണ്യവതി എഴുതിയ തെലുഗു ലേഖനങ്ങളുടെ സമാഹാരം, തെലങ്കാന സായുധ പോരാട്ടത്തിൽ സ്‌ത്രീകളുടെ പങ്ക് (പി സുന്ദരയ്യയുടെ പുസ്തകത്തിലെ അധ്യായം) തുടങ്ങിയവയാണ് പ്രകാശിപ്പിച്ച മറ്റ് പുസ്‌തകങ്ങൾ.

ടി ഗീനാകുമാരി രചിച്ച ‘സുശീല ഗോപാലൻ – സമരഭൂമികളിൽ പതറാതെ’
പുസ്‍തകം ബൃന്ദ കാരാട്ട് സി എസ് സുജാതയ്‍ക്ക് നല്‍കി പ്രകാശിപ്പിച്ചശേഷം
നേതാക്കള്‍ മുദ്രാവാക്യം മുഴക്കുന്നു










0 comments