print edition ഉയരെ പെൺകൊടി ; ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന് ഹൈദരാബാദിൽ തുടക്കം

ഹൈദരാബാദിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം നടി എം രോഹിണി ഉദ്ഘാടനം ചെയ്യുന്നു / ഫോട്ടോ: നിലിയ വേണുഗോപാൽ
അഖില ബാലകൃഷ്ണൻ
Published on Jan 26, 2026, 02:58 AM | 1 min read
സരോജിനി ബാലാനന്ദൻ നഗർ (ഹൈദരാബാദ്)
ഐതിഹാസിക പോരാട്ടങ്ങളുടെ വീരസ്‌മരണയിരന്പുന്ന തെലങ്കാനയുടെ മണ്ണിൽ രാജ്യത്തെ ഏറ്റവും വലിയ വനിതാസംഘടനയുടെ മഹാസംഗമത്തിന് ആവേശോജ്വല തുടക്കം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത് ദേശീയ സമ്മേളനത്തിന് സരോജിനി ബാലാനന്ദൻ നഗറിൽ (ആർടിസി ഓഡിറ്റോറിയം) പ്രസിഡന്റ് പി കെ ശ്രീമതി പതാകയുയർത്തി. മുതിർന്ന നേതാവ് ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിൽ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. ചന്ദ്രകല പാണ്ഡേ വേദിയിൽ നടിയും നാടകപ്രവർത്തകയും എഴുത്തുകാരിയുമായ എം രോഹിണി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. പി കെ ശ്രീമതി അധ്യക്ഷയായി.
അന്തരിച്ച നേതാക്കൾക്കും പ്രവർത്തകർക്കും സാംസ്‌കാരിക നായകർക്കും വർഗീയ ആക്രമണങ്ങളുടെ ഇരകൾക്കും ആദരമർപ്പിച്ച് അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ ശാന്ത സിൻഹ സ്വാഗതം പറഞ്ഞു. ബൃന്ദ കാരാട്ട്, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവർ സംസാരിച്ചു.
പ്രതിരോധത്തിന്റെയും നേട്ടങ്ങളുടെയും പ്രതീകങ്ങളായി തമിഴ്‌നാട്, ബിഹാർ, പുതുച്ചേരി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നാല് വനിതകളെയും തെലങ്കാനയിൽ നിന്നുള്ള ആദ്യ ദേശീയ വനിതാ ബാസ്‌കറ്റ്ബോൾ താരം മിഹയെയും ചടങ്ങിൽ ആദരിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ, ഓൾ ഇന്ത്യ മഹിളാ സാംസ്‌കാരിക സംഘടന, ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതാക്കളും സമ്മേളനത്തെ അഭിവാദ്യംചെയ്‌തു.
പകൽ രണ്ടിന് സമ്മേളന നഗറിൽനിന്ന് പൊതുസമ്മേളനവേദിയായ ആർടിസി മൈതാനത്തേക്ക് നടന്ന റാലിയിൽ പ്രതിനിധികൾക്കൊപ്പം ആയിരക്കണക്കിന് സ്‌ത്രീകൾ അണിനിരന്നു. പൊതുസമ്മേളനവും ഏഴിന് പ്രതിനിധി സമ്മേനവും നടന്നു. 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് 850- പ്രതിനിധികളാണ് നാലുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.










0 comments