print edition എഐ ഉച്ചകോടി ; സംഘാടന പിഴവിന് പരിഹാരമില്ല

ന്യൂഡൽഹി
നാലാം ദിവസവും എഐ ഇംപാക്‌ട് ഉച്ചകോടിയിലെ സംഘാടന പിഴവിന് പരിഹാരമായില്ല. പ്രതിനിധികൾ ഹോട്ടലുകളിലേക്ക് പോകാൻ വാഹനങ്ങൾ ലഭിക്കാതെ കൂട്ടമായി നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പരിപാടിയുടെ തുടക്കം മുതൽതന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഗതാഗതക്കുരുക്ക്, തിരക്ക് എന്നിവയിൽ വ്യാപക പരാതിയുയർന്നിരുന്നു. അതേസമയം, ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്‌തു. എഐ – ടെക് കന്പനി മേധാവികളുമായി മോദി കൈകോർത്തുനിന്ന് ഫോട്ടോഷൂട്ടും നടത്തി.
ഗൂഗിൾ, ഓപ്പൺ എഐ, ആന്ത്രോപിക് ഉൾപ്പെടെയുള്ളവയുടെ മേധാവികളുമായാണ് മോദി കൈകോർത്തുനിന്നത്. എഐ കമ്പനികൾ തമ്മിലുള്ള കിടമത്സരത്തിനും ഉച്ചകോടി വേദിയായി. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയിയും കൈകൊടുക്കാൻ വിസമ്മതിച്ചു. ഇന്ത്യയിലെ ഡാറ്റ സെന്റർ, എൻജിനീയറിങ്, ക്ലൗഡ് സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി അമേരിക്കൻ ഐടി കമ്പനികളായ എൻവിഡിയ, ഓപ്പൺ എഐ എന്നിവർ സഹകരിക്കുമെന്ന പ്രഖ്യാപനവും ഉച്ചകോടിയിലുണ്ടായി.
ബിൽ ഗേറ്റ്‌സ് എത്തിയില്ല
ബാലപീഡകൻ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം പുറത്തായതോടെ എഐ ഉച്ചകോടിയിൽ പങ്കെടുക്കാതെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഉച്ചകോടിയിൽ ബിൽ ഗേറ്റ്‌സ് മുഖ്യപ്രഭാഷണം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇൗ തീരുമാനത്തിൽ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു.










0 comments