ബിൽഗേറ്റ്‌സ് പങ്കെടുക്കുന്നതിൽ വിവാദം
print edition സംഘാടനം പാളി എഐ ഉച്ചകോടി ; ക്ഷമാപണവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

എഐ ഉച്ചകോടിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് ഡല്‍ഹി അക്ഷര്‍ധാമിലുണ്ടായ ഗതാഗതക്കുരുക്ക്
ന്യൂഡൽഹി
വലിയ ആസൂത്രണങ്ങളും സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയെന്ന് മോദി സർക്കാർ അവകാശപ്പെട്ട എഐ ഉച്ചകോടിക്കെത്തിയവർ സംഘാടന പിഴവിൽ വലഞ്ഞു. പങ്കെടുക്കാനെത്തിയവർക്ക് മണിക്കൂറുകൾ വരിനിൽക്കേണ്ടി വന്നു. 20 രാഷ്‌ട്ര തലവൻമാരടക്കം പങ്കെടുക്കുന്ന പരിപാടിയിൽ തിക്കുംതിരക്കും ഉണ്ടായത് ഇവരുടെ സുരക്ഷയ്‌ക്ക് വെല്ലുവിളിയായി.
സമൂഹ മാധ്യമങ്ങളിലും അന്താരാഷ്‌ട്ര മാധ്യമങ്ങളിലും സംഭവം ചർച്ചയായത് വലിയ നാണക്കേടായി. ഇതോടെ, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ക്ഷമാപണവുമായി രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായവരോട് ക്ഷമചോദിക്കുന്നതായി മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടുലക്ഷത്തിലേറെപ്പേർ എത്തുന്ന ഉച്ചകോടിക്കായി ഡൽഹിയുടെ മുഖംമിനുക്കാൻ, തെരുവിൽ കഴിയുന്നവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുകയും ചെയ്‌തു.
എല്ലാം തോന്നുംപടി
‘നിർമിത ബുദ്ധിയുടെ ജനാധിപത്യവൽക്കരണം’ എന്ന വിഷയത്തിൽ നടക്കുന്ന എഐ ഇംപാക്‌ട് ഉച്ചകോടിയില്‍ തീരുമാനം എടുക്കുന്നതില്‍ ജനാധിപത്യ മര്യാദ പാലിച്ചതേയില്ല. കേന്ദ്ര സർക്കാരും വൻകിട കന്പനികളും ചേർന്നാണ് അജന്‍ഡ നിശ്ചയിച്ചത്.
മനുഷ്യാവകാശ പ്രവർത്തകർ, തൊഴിലാളി നേതാക്കൾ, അരികുവൽക്കരിക്കപ്പെട്ടവരുടെ പ്രതിനിധികൾ തുടങ്ങിയവർക്ക് പ്രാതിനിധ്യമില്ല. കേന്ദ്ര സർക്കാരും ഗോവ, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളും ചേർന്നാണ് 40 ശതമാനം സെഷനുകളും സംഘടിപ്പിക്കുന്നത്. 35 ശതമാനം സെഷനുകൾ വൻകിട കോർപറേറ്റുകളും. ബാക്കിയുള്ള 25 ശതമാനം രാജ്യത്തെ ഐഐടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ അന്താരാഷ്‌ട്ര സംഘടനകളുടെയും നേതൃത്വത്തിലും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകനേതാവായി ഉയർത്തി കാട്ടുന്നതിനായുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാര്‍ തകൃതിയായി നടത്തുന്നു.
ബിൽഗേറ്റ്‌സ് പങ്കെടുക്കുന്നതിൽ വിവാദം
ഇന്ത്യയിലെ എഐ ഉച്ചകോടിയിൽ എപ്‌സ്‌റ്റീൻ ഫയലുകളിൽ പേരുള്ള മൈക്രോസോഫ്‌റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സിനെ പങ്കെടുപ്പിക്കുന്ന മോദിസർക്കാര്‍ നടപടി വിവാദമാകുന്നു. ബിൽഗേറ്റ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും മുഖ്യപ്രഭാഷണം നടത്തുമെന്നും ഗേറ്റ്‌സ് ഫൗണ്ടേഷൻ അറിയിച്ചു. ബിൽഗേറ്റ്‌സും ബാലപീഡകന്‍ ജെഫ്രി എപ്‌സ്‌റ്റീനും തമ്മിൽ അടുത്തബന്ധമാണ് പുലർത്തിയിരുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ, എഐ ഉച്ചകോടിയിൽ ബിൽഗേറ്റ്‌സിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യം ശക്തമായിരുന്നു. ‘പങ്കെടുക്കണോ വേണ്ടയോയെന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ താൽപര്യം ആണെന്ന്’ആയിരുന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ പ്രതികരണം.
എപ്‌സ്‌റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെയും പേരുകൾ പരാമർശിച്ചിട്ടുള്ള വിവരം പുറത്തുവന്നത് കേന്ദ്രസർക്കാരിന് നേരത്തെ നാണക്കേടായി.










0 comments