Deshabhimani

തമിഴ്നാട് പുസ്തക അഴിമതി: ഗ്രന്ഥശാലാ ഫണ്ടിൽ നിന്നും വെട്ടിച്ചത് 1.74 കോടി, പ്രസാധകൻ അറസ്റ്റിൽ

AI books scam
വെബ് ഡെസ്ക്

Published on Nov 17, 2026, 05:55 PM | 2 min read

ചെന്നൈ: തമിഴ്നാട്ടിൽ പെതുഗ്രന്ഥാലയങ്ങൾക്ക് പുസ്തകങ്ങൾ വിറ്റതിൽ എഐ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെ പ്രസാധകൻ അറസ്റ്റിൽ. അഗൽ വിളക്ക് പബ്ലിക്കേഷൻസ് ഉടമ മോഹനെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

മോഹന്റെ ചെന്നൈ മടിപ്പാക്കത്തുള്ള വസതിയിലും തിരുവാരൂർ ജില്ലയിലെ കുടവാസലിലുള്ള പ്രസാധകശാലയിലും ഡിവിഎസി സംഘം നടത്തിയ വ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഗൽ വിളക്ക്, ഫീനിക്സ് പതിപ്പകം എന്നീ സ്ഥാപനങ്ങളിൽ നിന്ന് ഏകദേശം 1.74 കോടി രൂപയുടെ പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹൻ വ്യക്തമാക്കി. ഇവയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. “ഇത് ലോകത്തിലെ തന്നെ ആദ്യത്തെ എഐ പുസ്തക അഴിമതിയാണ്,” മന്ത്രി പ്രതികരിച്ചു. എഐ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ പുസ്തകങ്ങൾ ഗ്രന്ഥാലയങ്ങളുടെ തലയിൽ കെട്ടിവെക്കുകയായിരുന്നു. ഇത് പിന്നീട് വലിയ രാഷ്ട്രീയ സംവാദങ്ങൾക്കും കാരണമായി.


ഒക്ടോബർ 16-ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കോയമ്പത്തൂരിൽ ഉദ്ഘാടനം ചെയ്ത 'പെരിയാർ അറിവുലകം' പൊതുഗ്രന്ഥാലയത്തിൽ പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ സന്ദർശനം നടത്തിയതോടെയാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്. ലൈബ്രറിയിലെ പല പുസ്തകങ്ങളും ഗുണനിലവാരമില്ലാത്തതും അമിതവിലയുള്ളതും ആധികാരികതയില്ലാത്തതുമാണെന്ന് കണ്ടെത്തി. എഴുത്തുകാരൻ തന്നെ സ്വന്തം നിലയ്ക്ക് കൂടുതൽ പരിശോധനകൾ നടത്തി.


അഗൽ വിളക്ക് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഏകദേശം 1,800 പുസ്തകങ്ങളിലും ഫീനിക്സ് പബ്ലിക്കേഷൻസിന്റെ നൂറിലധികം പുസ്തകങ്ങളിലും വ്യാജ എഴുത്തുകാരുടെ പേരുകളും സംശയാസ്പദമായ ഐഎസ്ബിഎൻ നമ്പറുകളുമാണ് നൽകിയിട്ടുള്ളതെന്ന് പിന്നീട് തെളിഞ്ഞു. വസ്തുതാപരമായ തെറ്റുകളും കെട്ടിച്ചമച്ച ചരിത്രവിവരങ്ങളും നിറഞ്ഞ ഈ പുസ്തകങ്ങളിലെ ഉള്ളടക്കം എഐ ടൂളുകൾ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും എഴുത്തുകാരൻ വ്യക്തമാക്കി. ഇത് മാത്രമല്ല ചെറിയ പുസ്തകങ്ങൾക്ക് പോലും ആയിരം രൂപയ്ക്ക് മുകളിലായിരുന്നു വിലയിട്ടിരുന്നത്.



രാഷ്ട്രീയ പോരും പരിശോധനയും


മുരുകന്റെ വെളിപ്പെടുത്തൽ ഭരണകക്ഷിയായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിലുള്ള രൂക്ഷമായ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയിലാണ് ക്രമക്കേടുകൾ നടന്നതെന്ന് ടിവികെ നേതാക്കൾ ആരോപിച്ചു. നിലവിലെ സർക്കാരിന് സുതാര്യതയില്ലെന്നും വിഷയം രാഷ്ട്രീയവൽക്കരിക്കയാണ് എന്നും ആരോപിച്ച് ഡിഎംകെയും പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി.


സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നവംബർ 6-ന് ഡി.വി.എ.സി അന്വേഷണം ഏറ്റെടുത്തു. കോയമ്പത്തൂരിന് പുറമെ ചെന്നൈയിലെ കന്നിമാറ പബ്ലിക് ലൈബ്രറി, തെങ്കാശി ജില്ലാ സെൻട്രൽ ലൈബ്രറി ട്രിച്ചി, സേലം, കടലൂർ, തിരുനെൽവേലി എന്നിവിടങ്ങളിലെ ലൈബ്രറികളിലും ഇത്തരം വ്യാജ പുസ്തകങ്ങൾ കണ്ടെത്തി. ഫണ്ട് ഉപയോഗിച്ച് ഉയര്‍ന്ന കമ്മീഷൻ നൽകി ഇത്തരം പുസ്തകങ്ങൾ ഗ്രന്ഥാലയങ്ങളിൽ നിറയ്ക്കുകയായിരുന്നു. പരിശോധന നടത്തിയ രണ്ട് ലൈബ്രറികളിൽ നിന്ന് മാത്രം 2,200-ഓളം പുസ്തകങ്ങൾ പിന്നീട് നീക്കം ചെയ്തു.


ഹൈക്കോടതി ഇടപെട്ടപ്പോൾ

എഫ്ഐആ‍ര്‍


സുതാര്യമായ പുസ്തക സംഭരണത്തിനായി 2024-ൽ കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജി നവംബർ 10-ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പരിഗണിച്ചു.


ജസ്റ്റിസുമാരായ ജിആർ സ്വാമിനാഥൻ, എംഡി സുമതി എന്നിവരടങ്ങിയ ബെഞ്ച് ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും അഗൽ വിളക്ക് പബ്ലിക്കേഷൻസിന്റെയും മോഹന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഉത്തരവിട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു.


കോടതി ഉത്തരവിനെ തുടർന്ന് പ്രസാധകനുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലെ 22 ലക്ഷം രൂപ മരവിപ്പിച്ചു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, 1957-ലെ പകർപ്പവകാശ നിയമലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുസ്തക ശുപാർശാ സമിതി നിർദ്ദേശിച്ച 26,000 പുസ്തകങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത പുസ്തകങ്ങൾ, ഫയലുകളിൽ കൃത്യമായി രേഖപ്പെടുത്താതെ കോ-ഓർഡിനേഷൻ കമ്മിറ്റി തിരുകിക്കയറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home