ad
Deshabhimani

അഹമ്മദാബാദ്‌ വിമാനദുരന്ത അന്വേഷണത്തിൽ വഴിത്തിരിവ്‌; വൈദ്യുതിത്തകരാറിൽ വാലറ്റത്ത്‌ തീപടർന്നു

ahmedabad plane crash
avatar
സ്വന്തം ലേഖിക

Published on Jul 21, 2025, 12:00 AM | 2 min read

ന്യൂഡൽഹി : അഹമ്മദാബാദിൽ ദുരന്തത്തിലകപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്നയുടൻ വാൽഭാഗത്ത്‌ വൈദ്യുതിത്തകരാർ മൂലം തീപിടുത്തമുണ്ടായതായി സൂചന. വിമാനത്തിന്റെ ബോഡിയിലേക്ക്‌ തീ വ്യാപിച്ചില്ലെങ്കിലും യന്ത്രസംവിധാനത്തിന്‌ കേടുപാടുണ്ടായെന്നാണ്‌ റിപ്പോർട്ട്‌. ഇത്തരം തകരാറുണ്ടായാൽ വിമാനത്തിന്റെ വൈദ്യുതിബന്ധം പൂർണമായും വിച്‌ഛേദിക്കപ്പെടുകയും ഇന്ധനവിതരണം തടസപ്പെടുകയും ചെയ്‌തേക്കാം. എയർക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട്‌ അടിസ്ഥാനമാക്കി പൈലറ്റുകളെ പഴിചാരിയ അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളെ തള്ളുന്നതാണ്‌ പുതിയ വഴിത്തിരിവ്‌.

വാലറ്റത്തുള്ള ഓക്‌സിലറി പവർ യൂണിറ്റ് പോലുള്ള വൈദ്യുത സംവിധാനങ്ങൾക്ക്‌ തകരാറുണ്ടായോ എന്നും ഇന്ധന നിയന്ത്രണ സിസ്റ്റം എൻജിനുകൾക്ക് ഷട്ട്ഡൗൺ കമാൻഡ് നൽകിയോ എന്നും പരിശോധിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു. പിൻഭാഗത്തുനിന്ന്‌ ലഭിച്ച ബ്ലാക്ക്‌ ബോക്‌സിന്‌ കേടുപാടുണ്ടായത്‌ അകത്തുണ്ടായ തീപിടിത്തത്തിലാണെന്നും സൂചന. ഇതിൽനിന്നുമുള്ള വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണസംഘത്തിനായില്ല. മുൻഭാഗത്തെ ബ്ലാക്ക്‌ ബോക്‌സിൽനിന്നുമാണ്‌ രണ്ടുമണിക്കൂറുള്ള ശബ്‌ദരേഖയടക്കം വീണ്ടെടുത്തത്‌.

തകർന്നുവീണപ്പോൾ ഇന്ധനം കത്തിയുണ്ടായ തീപിടിത്തത്തിൽ വിമാനത്തിന്റെ ബാക്കി ഭാഗങ്ങൾ പൂർണമായും കത്തിയെങ്കിലും വാലറ്റത്തിന്‌ ഇടിയുടെ ആഘാതത്തിലുള്ള കേടല്ലാതെ മറ്റൊന്നും സംഭവിച്ചിരുന്നില്ല. അകത്ത്‌ ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടായതിന്റെ തെളിവ്‌ ലഭിച്ചു. വാലറ്റത്തുനിന്ന്‌ ലഭിച്ച ക്യാബിൻ ക്രൂവിന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. കത്തിയമർന്ന നിലയിലായിരുന്നില്ല. ഇതേ വിമാനത്തിന്റെ തൊട്ടുമുമ്പുള്ള യാത്രയിൽ വാലറ്റത്തുള്ള സെൻസറുമായി ബന്ധപ്പെട്ട്‌ മുന്നറിയിപ്പ്‌ ലഭിച്ചെന്നും അഹമ്മദാബാദിൽനിന്നും ലണ്ടനിലേക്കുള്ള യാത്രയ്‌ക്ക്‌ മുമ്പ്‌ അറ്റകുറ്റപ്പണ നടത്തിയെന്നും റിപ്പോർട്ടുണ്ട്‌.

വിമാനത്തിന്റെ ക്യാബിൻ ലൈറ്റുകൾ മിന്നിക്കത്തിയതായ, ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ട വിശ്വാസ്‌ കുമാറിന്റെ മൊഴിയും വൈദ്യുത തകരാർ സൂചിപ്പിക്കുന്നു. അഹമ്മദാബാദിലെ ഗാരേജിൽ എഎഐബിയുടെ സംരക്ഷണയിലുള്ള വാലറ്റത്തിന്റെ ഉൾപ്പെടെ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കേന്ദ്രീകരിച്ചാകും ഇനിയുള്ള അന്വേഷണം.


വിശ്വാസം എഎഐബി 
അന്വേഷണത്തിൽ: വ്യോമയാന മന്ത്രി

അഹമ്മദാബാദ്‌ വിമാനദുരന്തത്തിൽ അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച്‌ പാശ്ചാത്യ മാധ്യമങ്ങൾ സ്വന്തം താൽപ്പര്യങ്ങളാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നതെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു. എയർക്രാഫ്‌റ്റ്‌ ആക്സിഡന്റ്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്തിമ അന്വേഷണ റിപ്പോർട്ട്‌ പുറത്തുവരാതെ നിഗമനങ്ങളിൽ എത്താനാകില്ല. പാശ്ചാത്യ മാധ്യമങ്ങളോട്‌ ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്ന്‌ എഎഐബിതന്നെ അഭ്യർത്ഥിച്ചിട്ടുണ്ട്‌. അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ടെന്നും ബ്ലാക്ക്‌ ബോക്സ്‌ വിവരങ്ങളടക്കം അവർ വിജയകരമായി വീണ്ടെടുത്തെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home