ബോണസ് ഇല്ലെങ്കിൽ ടോൾ പിരിക്കില്ല; ടോൾ വാങ്ങാതെ വാഹനങ്ങളെ കടത്തിവിട്ട് ജീവനക്കാർ

ആഗ്ര: ഉത്തർപ്രദേശിലെ ടോൾ പ്ലാസയിൽ ജീവനക്കാരുടെ പ്രതിഷേധം. ദീപാവലി ബോണസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയിലെ ഫതേഹാബാദ് ടോൾ പ്ലാസയിലെ ജീവനക്കാരാണ് പ്രതിഷേധിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായി ടോൾ ഗേറ്റുകൾ തുറന്നിടുകയും വാഹനങ്ങളെ ടോൾ അടയ്ക്കാതെ കടത്തിവിടും ചെയ്തു. ടോൾ പ്ലാസയിൽ ജോലി ചെയ്യുന്ന 21 തൊഴിലാളികൾക്ക് കമ്പനി പ്രഖ്യാപിച്ച ബോണസ് തുക കുറവാണെന്നാരോപിച്ചാണ് പ്രതിഷേധം.
കമ്പനിയുടെ ഭാഗത്ത് നിന്ന് 1100 രൂപ ബോണസ് മാത്രമാണ് പ്രഖ്യാപിച്ചത്. മാർച്ച് മാസത്തിലാണ് നിലവിലെ കമ്പനി ടോൾ ഓപ്പറേഷൻ ഏറ്റെടുത്തത്, അതിനാൽ പൂർണ ബോണസ് നൽകാൻ സാധിക്കില്ലെന്നായിരുന്നു മാനേജ്‌മെന്റിന്റെ വിശദീകരണം. തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് ടോൾ പ്രവർത്തനം താൽക്കാലികമായി നിലച്ചു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുകയും അധികൃതരുമായി ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് 10 ശതമാനം ശമ്പള വർധനയും ബോണസ് പരിഗണനയും വാഗ്ദാനം ചെയ്ത ശേഷമാണ് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധം തൊഴിലാളികൾ അവസാനിപ്പിച്ചത്.










0 comments