സുപ്രീംകോടതിയിൽ വാദം എഴുതിനൽകി
print edition ശബരിമലയിലെ പ്രായപരിധി ലിംഗവിവേചനമല്ല: ദേവസ്വം ബോർഡ്


സ്വന്തം ലേഖകൻ
Published on Mar 24, 2026, 12:12 AM | 1 min read
ന്യൂഡൽഹി : ശബരിമലയിൽ യുവതീപ്രവേശം പാടില്ലെന്നും പ്രായപരിധി സ്‌ത്രീകളുടെ ഭരണഘടനാവകാശം ലംഘിക്കുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ആരാധനാസ്വാതന്ത്ര്യം മുൻനിർത്തി സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ക്ഷേത്രത്തിന് അവകാശമുണ്ട്.
പത്തുവയസ്സിൽ താഴെയും അന്പത് വയസ്സിന് മുകളിലുമുള്ള സ്‌ത്രീകൾക്ക് പ്രവേശന വിലക്കില്ലാത്തതിനാൽ യുവതികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ലിംഗവിവേചനമായി കാണരുതെന്നും സത്യവാങ്‌മൂലത്തിൽ പറഞ്ഞു. അയ്യപ്പ പ്രതിഷ്‌ഠയുടെ വിശുദ്ധി നിലനിർത്തലാണ് പരമപ്രധാനം. സ്വന്തംകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യം വിനിയോഗിക്കപ്പെടുന്പോൾ ചില അനിവാര്യമായ ഒഴിവാക്കലുകൾ ഉണ്ടാകാം. മതപരമായ ഭരണഘടനാ അവകാശങ്ങൾ ആചാരങ്ങളെ ലംഘിക്കുന്നതാവരുത്.
നിയമനിർമാണങ്ങളിലൂടെ മതവിഭാഗങ്ങളുടെ സ്വത്തിൽ നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമാണ സഭയ്‌ക്ക് കഴിയുമെങ്കിലും വിശ്വാസകാര്യങ്ങളിൽ ഇടപെടൽ ഭരണഘടനയുടെ 26- –ാം അനുച്ഛേദപ്രകാരം അനുവദിക്കപ്പെടുന്നില്ലന്ന് സത്യവാങ്‌മൂലത്തിൽ പറഞ്ഞു. ഒന്പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ ഏഴുമുതൽ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കെയാണ് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി മുഖേന ബോര്‍ഡ് വാദങ്ങൾ എഴുതി നൽകിയത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഏഴുചോദ്യങ്ങളാണ് ബെഞ്ച് പരിഗണിക്കുന്നത്.










0 comments