ad
Deshabhimani

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 87 പൈസയുടെയും ഡീസലിന് 91പൈസയുടെയും വർധന

fuel price

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 23, 2026, 07:30 AM | 2 min read

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് 110.60 രൂപ കൂടി. ഡീസൽ വില കൊച്ചിയിൽ 99.54 ആയി. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്ന്‌ രൂപയുടെ വർധനയാണ് ആദ്യം വരുത്തിയത്.


പിന്നീട് പെട്രോൾ ലിറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചു. ഇന്ന് സമാന രീതിയിലാണ് ഇന്ധനവില ഉയർത്തിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും 4 രൂപയിലേറെ ഇതുവരെ കൂടി. പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന്‌ 15 രൂപയുടെയെങ്കിലും വർധനവാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികൾ താൽപ്പര്യപ്പെടുന്നത്‌. ഒറ്റയടിക്ക്‌ വില കൂട്ടുന്നത്‌ വലിയ ജനരോഷത്തിന്‌ ഇടയാക്കുമെന്നതിനാൽ ഘട്ടംഘട്ടമായി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നത്‌. റഷ്യ– ഉക്രയ്‌ൻ സംഘർഷത്തെ തുടർന്ന്‌ 2022ൽ ക്രൂഡോയിൽ വില ഉയർന്നപ്പോഴും സമാനമായ തന്ത്രമാണ്‌ കേന്ദ്രസർക്കാർ പയറ്റിയത്‌.


2022 മാർച്ച്‌ 22 മുതൽ ഏപ്രിൽ 16 വരെ 14 വട്ടം ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ 10 രൂപയ്‌ക്കടുത്താണ്‌ കൂട്ടിയത്‌. അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളർ കടന്നെന്ന ന്യായം പറഞ്ഞായിരുന്നിത്‌. 2022 സെപ്‌തംബറിൽ തന്നെ ക്രൂഡ്‌ ഓയിൽ വില 80 ഡോളറിന്‌ താഴെയെത്തിയിരുന്നു. എന്നാൽ ഇ‍ൗ ഘട്ടത്തിൽ കൂട്ടിയ വില കുറയ്‌ക്കാൻ തയ്യാറായില്ല. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ ക്രൂഡ്‌ ഓയിൽ വില 110 ഡോളർ കടന്നുവെന്ന ന്യായീകരണമാണ്‌ ഇപ്പോഴത്തെ വിലകൂട്ടൽ ഘട്ടത്തിലും സർക്കാർ നടത്തുന്നത്‌.


മാർച്ച്‌ അവസാനമാണ്‌ വില 110 ഡോളർ കടന്നത്‌. ഏപ്രിൽ പകുതിയോടെ വില 83 ഡോളറിലെത്തി. പിന്നീട്‌ പല ഘട്ടങ്ങളിലും ഉയർച്ച താഴ്‌ചകളിലൂടെയാണ്‌ ക്രൂഡ്‌ വില കടന്നുപോകുന്നത്‌. സ്ഥിരമായി 100 ഡോളറിന്‌ മുകളിൽ നിൽക്കുന്ന സ്ഥിതിയില്ല. ഇന്ധന ഉപയോഗം കുറയ്‌ക്കുകയെന്ന ലക്ഷ്യവും വില കൂട്ടലിന്‌ പിന്നിലുണ്ട്‌. ഹോർമുസിലൂടെയുള്ള ക്രൂഡ്‌ ഓയിൽ വരവ്‌ നിലച്ചതിനൊപ്പം യുഎസ്‌ തീട്ടൂരപ്രകാരം ഇറാൻ, റഷ്യ ക്രൂഡ്‌ ഓയിൽ വേണ്ടെന്നു വെച്ചതും പ്രതിസന്ധി രൂക്ഷമാക്കി. തുടർച്ചയായുള്ള ഇന്ധനവില വർധന രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകും. ഇതോടെ ജനജീവിതം ദുസഹസാകും. ഇന്ധനവില വർധിപ്പിക്കുന്നതിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home