ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 
കുറയുമെന്ന് എഡിബി

adb report on india's financial growth
വെബ് ഡെസ്ക്

Published on Jul 24, 2025, 03:08 AM | 1 min read


കൊച്ചി

ഇന്ത്യയുടെ സാമ്പത്തിക വളർച്ച നടപ്പുസാമ്പത്തിക വർഷം 6.5 ശതമാനമായി കുറയുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) റിപ്പോർട്ട്. ബാങ്ക് ഏപ്രിലിൽ പുറത്തിറക്കിയ സാമ്പത്തിക വളർച്ച റിപ്പോർട്ടിൽ 6.7 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ അധികചുങ്കവും വ്യാപാരനയത്തിലെ അനിശ്ചിതത്വവുമാണ് വളർച്ചയ്ക്ക് തിരിച്ചടിയാകുന്ന പ്രധാന ഘടകങ്ങളെന്നും ഇത് ഇന്ത്യൻ കയറ്റുമതി കുറയാൻ ഇടയാക്കുകയും രാജ്യത്തേക്ക് നിക്ഷേപമെത്തുന്നതിന് തടസ്സമാകുമെന്നുമാണ്‌ ബാങ്ക് വിലയിരുത്തുന്നത്.


രാജ്യത്തെ പണപ്പെരുപ്പം നടപ്പുസാമ്പത്തിക വർഷം 3.8 ശതമാനത്തിലേക്ക് എത്തുമെന്നും മികച്ച മൺസൂൺ പ്രതീക്ഷിക്കുന്നതിനാൽ കാർഷികമേഖലയും സേവന മേഖലയുമായിരിക്കും സാമ്പത്തിക വളർച്ചയെ നയിക്കുകയെന്നും എഡിബി പറയുന്നു.

ട്രംപ് വ്യാപാരയുദ്ധം തുടങ്ങുംമുമ്പുതന്നെ കുതിച്ചുയർന്ന വിലക്കയറ്റംമൂലം സാമ്പത്തിക വളർച്ച തിരിച്ചടി നേരിടുകയായിരുന്നു. കേന്ദ്രത്തിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും ഉയർന്ന ഇന്ധനവിലയും ​ന​ഗര, ​ഗ്രാമീണ മേഖലകളെ ഗുരുതരമായി ബാധിച്ചതിനാൽ റിസർവ് ബാങ്ക് തുടർച്ചയായി 11 തവണയാണ് പലിശനിരക്കിൽ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിച്ചത്. 2024–-25 സാമ്പത്തികവർഷം ജിഡിപി വളർച്ചനിരക്ക് 2.7 ശതമാനമാണ് കുറഞ്ഞത്. സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമായ ഉൽപ്പാദന മേഖലയുടെ വളർച്ച 12.3ൽ നിന്ന്‌ 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി.


ഇന്ത്യയിലെ മുൻനിര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ച് (ഇൻഡ് –-ആർ‌എ) ബുധനാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ പറയുന്നത് 2025–-26 ലെ സാമ്പത്തിക വളർച്ച 6.3 ശതമാനമായി കുറയുമെന്നാണ്. പ്രതീക്ഷിച്ചിരുന്നതിനേക്കാൾ 30 ബേസിസ് പോയിന്റാണ് (0.3 ശതമാനം) ഇടിവ് കണക്കാക്കുന്നത്. 6.6 ശതമാനം വളർച്ചയാണ് 2024 ഡിസംബറിൽ ഇവർ കണക്കാക്കിയിരുന്നത്. സാമ്പത്തികവളർച്ച വൻ കുതിപ്പിലാണെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴാണ് വളർച്ച കുറയുമെന്ന റിപ്പോർട്ടുകൾ തുടർച്ചായി പുറത്തുവരുന്നത്. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് ഏറ്റവും താഴ്ന്ന അവസ്ഥയിലാണെന്ന് കഴിഞ്ഞദിവസം കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home