print edition മഹാരാഷ്ട്രയിലെ 1,500 മെഗാവാട്ട് പദ്ധതി: ചെലവ് ഒറ്റയടിക്ക് 99 % വെട്ടിക്കുറച്ച് അദാനി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെ 1,500 മെഗാവാട്ട് വൈദ്യുതി പദ്ധതിയുടെ ചെലവ് 5,675 കോടിയിൽ നിന്നും ഒറ്റയടിക്ക് 56.75 കോടിയായി വെട്ടിക്കുറച്ചു. പദ്ധതിച്ചെലവിൽ 99 ശതമാനം വെട്ടിക്കുറച്ചത് വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച് മുഖംരക്ഷിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. സത്താറ ജില്ലയിലെ പാടൻ താലൂക്കിലാണ് ‘താരളി പന്പ് സ്റ്റോറേജ്’ പദ്ധതി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് നടപ്പാക്കുന്നത്.
കഴിഞ്ഞവർഷം ഫെബ്രുവരി 11ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് മുൻകൂർ അനുമതി ശുപാർശ ചെയ്‌തപ്പോൾ പദ്ധതിച്ചെലവ് 5,675 കോടിയാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഇൗ വർഷം സെപ്‌തംബർ എട്ടിന് മഹാരാഷ്ട്ര വനംവകുപ്പിന് അദാനി ഗ്രൂപ്പ് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ചെലവ് 56.75 കോടിയായി പുതുക്കി നിശ്‌ചയിക്കണമെന്ന് ആവശ്യപ്പെട്ടു. ഒക്ടോബർ 12ന് മഹാരാഷ്ട്ര വനംവകുപ്പ് പുതുക്കിയ നിരക്ക് അംഗീകരിച്ച് ഉത്തരവിറക്കി.
പദ്ധതിച്ചെലവിന്റെ നാല് ശതമാനം വന്യജീവി സംരക്ഷണത്തിനായി സഹ്യാദ്രി ടൈഗർ റിസർവിൽ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. ആദ്യത്തെ കണക്കനുസരിച്ച് അദാനി ഗ്രീൻ എനർജി 227 കോടി നിക്ഷേപിക്കണമായിരുന്നു. എന്നാൽ, ചെലവ് വെട്ടിക്കുറച്ചതോടെ 2.27 കോടി നിക്ഷേപിച്ചാൽ മതി. ഇതിൽ 56.75 ലക്ഷം രൂപ നിക്ഷേപിച്ചു.
പദ്ധതിച്ചെലവ് തെറ്റായി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് സത്താറയിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ രോഹൻ ഭാട്ടെ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പരാതി നൽകിയതോടെയാണ് വിഷയം പുറത്തുവന്നത്. സഹ്യാദ്രി ടൈഗർ റിസർവിന്റെ ഭാഗമായ കോയ്‌ന വന്യജീവി സങ്കേതത്തിന്റെ ബഫ-ർ മേഖലയായി കണക്കാക്കപ്പെടുന്ന പരിസ്ഥിതിലോല പ്രദേശത്തെ 150.74 ഹെക്ടർ വനേതര ഭൂമിയിലാണ് പദ്ധതി.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, അസം, ചത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പിന്റെ വിവിധ തരത്തിലുള്ള ഭൂമി ഏറ്റെടുക്കലുകൾ പല കാരണങ്ങളാൽ വിവാദമായിരുന്നു.









0 comments