നടൻ രാജേഷ് വില്യംസ് അന്തരിച്ചു

ചെന്നൈ : പ്രശസ്ത നടൻ രാജേഷ് വില്യംസ് (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ്- മലയാളം ഭാഷകളിലായി നൂറോളം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ച രാജേഷ് ബിസിനസുകാരനെന്ന നിലയിലും ശ്രദ്ധ നേടി. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണവിവരം കുടുംബാംഗങ്ങൾ സിഥിരീകരിച്ചു. ദിവ്യ, ദീപക് എന്നിവർ മക്കളാണ്. ഭാര്യ ജൊവാൻ സിൽവിയ 2012ൽ മരിച്ചു. സിനിമ രംഗത്തെ നിരവധി പേർ രാജേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
1974ൽ അവൾ ഒരു തൊടർകഥൈ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് സിനിമ രംഗത്തെത്തിയത്. 1979ൽ കന്നി പരുവത്തിലെ എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. 1984ൽ കെ ബാലചന്ദറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അച്ചമില്ലൈ അച്ചമില്ലൈ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാർത്തികൈ ദീപം എന്ന ടെലിവിഷൻ സീരിയലിലെ കഥാപാത്രവും ജനപ്രിയമായി. വിജയ് സേതുപതി, കത്രീന കൈഫ് എന്നിവർ പ്രധാനവേഷത്തിലെത്തി ശ്രീറം രാഘവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മെറി ക്രിസ്മസ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
അന്ത ഏഴ് നാട്കൾ, സത്യ, മഹാനദി, ചിന്ന മരുമഗൾ, ഇരുവർ, നേരുക്കു നേർ, വീരുമാണ്ടി, ഓട്ടോഗ്രാഫ്, ഉദയ, ഡ്രീംസ്, സാമി, ശിവകാശി, തിരുപ്പതി, ഗെത്ത്, മാസ്റ്റർ, സർക്കാർ എന്നിവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.










0 comments