നടി കൃഷ്ണവേണി അന്തരിച്ചു

ഹൈദരാബാദ് : തെലുഗു നടിയും പ്രൊഡ്യൂസറുമായ കൃഷ്ണവേണി (102) അന്തരിച്ചു. ഹൈദരാബാദിലെ ഫിലിം നഗറിലെ വസതിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. നടിയായും നിർമാതാവായും തെലുഗു സിനിമാ മേഖലയിൽ തിളങ്ങിയ കൃഷ്ണവേണി തെലുങ്ക് സിനിമയുടെ പ്രതിശ്ചായ മാറ്റുന്നതിൽ പങ്കുവഹിച്ചു.
പ്രശസ്ത നടൻ എൻടിആറിനെ സിനിമാരംഗത്തേക്ക് കൊണ്ടുവന്നത് കൃഷ്ണവേണിയായിരുന്നു. 1949ൽ പുറത്തിറങ്ങിയ മന ദേശം എന്ന ചിത്രത്തിലൂടെയാണ് എൻടിആർ അഭിനയരംഗത്തേക്കെത്തുന്നത്. മനദേശം നിർമിച്ചത് കൃഷ്ണവേണിയാണ്. സംഗീത സംവിധായകൻ ഗണ്ടശാല വെങ്കിടേശ്വര റാവുവിന് സിനിമയിൽ ആദ്യമായി അവസരം നൽകിയതും കൃഷ്ണവേണിയാണ്.
വെസ്റ്റ് ഗോദാവരി ജില്ലയിലെ പംഗിഡിയിൽ ജനിച്ച കൃഷ്ണവേണി 1938ൽ പുറത്തിറങ്ങിയ കച ദേവയാനി എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തെത്തിയത്. പിന്നണി ഗായികയായും ശ്രദ്ധിക്കപ്പെട്ടു. നാൽപ്പതോളം ചിത്രങ്ങളിലഭിനയിച്ച കൃഷ്ണവേണി പന്ത്രണ്ടോളം ചിത്രങ്ങൾ നിർമിച്ചു. സിനിമ- രാഷ്ട്രീയ രംഗത്തെ നിരവധി പേർ കൃഷ്ണവേണിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.










0 comments