പ്രതികളെ വെറുതെ വിട്ടു; അഹമ്മദാബാദിലും ജഡ്ജിക്ക് നേരെ ചെരുപ്പ് എറിഞ്ഞ് വാദി

അഹമ്മദാബാദ്: താൻ നൽകിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രകോപിതനായ വാദി അഹമ്മദാബാദിൽ ജഡ്ജിക്ക് കേറി ചെരുപ്പ് എറിഞ്ഞു. അഹമ്മദാബാദ് സെഷൻസ് കോടതിക്ക് നേരെയാണ് ഇയാൾ ചെരുപ്പെറിഞ്ഞത്. 1997-ൽ ഗുജറാത്തിലെ ഗോമതിപുരിൽ കേസിലെ പ്രതികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു.
അവിടേക്ക് വന്ന വാദിയുടെ ദേഹത്ത് പന്ത് തട്ടി. ഇതിനെത്തുടർന്ന് വാദിയും പ്രതികളും തമ്മിൽ വാക്കുതർക്കമാകുകയും തുടർന്ന് കയ്യാങ്കളിയിലേക്ക് നയിക്കുകയുമായിരുന്നു. ആയുധം ഉപയോഗിച്ച് ആക്രമിക്കൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി വാദി ഗോമതിപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പിന്നീട് കേസിൽ കുറ്റപത്രം സമർപ്പിക്കുകയും വിചാരണ പൂർത്തിയായ ശേഷം പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം വാദി സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ആ അപ്പീലാണ് അഹമ്മദാബാദ് കോടതി ഇപ്പോൾ തള്ളിയത്.
വിധി കേട്ട് പ്രകോപിതനായ വാദി കോടതിയോട് കയർത്ത് സംസാരിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഇയാളെ ശാന്തനാക്കാൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും ഇയാൾ തുടരെത്തുടരെ ചെരുപ്പെറിയുകയായിരുന്നു. കോടതി ജീവനക്കാർ ഇയാളെ പിടികൂടിയെങ്കിലും ഇയാൾക്കെതിരെ നടപടിയെടുക്കരുത് എന്ന് നിർദേശിച്ച് കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.










0 comments