ഐജിഎൻടിയു ക്യാമ്പസിൽ അധ്യാപകന് നേരെ എബിവിപി ആക്രമണം: മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കത്ത് നൽകി വി ശിവദാസൻ എംപി

ഫയൽ ചിത്രം
ന്യൂഡൽഹി: ഐജിഎൻടിയു ക്യാമ്പസിൽ അധ്യാപകന് നേരെ എബിവിപി ആക്രമണമുണ്ടായതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കത്ത് നൽകി വി ശിവദാസൻ എംപി. ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രോപോളജി വിഭാഗത്തിലെ മലയാളി അധ്യാപകനായ ഡോ. ചാൾസ് വർഗീസിന് നേരെ എബിവിപി ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി എബിവിപി പ്രവർത്തകർ ക്യാമ്പസിൽ കയറി ഡോ. ചാൾസ് വർഗീസിന്റെ വസതിയിൽ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ അധ്യാപക സംഘടന കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ സർവകലാശാല അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.
ഡോ. ചാൾസ് വർഗീസിനെ പുതിയ വാർഡനായി നിയമിക്കുകയും, അദ്ദേഹം ഹോസ്റ്റൽ സൗകര്യങ്ങൾ ഔദ്യോഗിക മാനദണ്ഡങ്ങൾ പ്രകാരം പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. നിയമനത്തിന് പിന്നാലെ തന്നെ അദ്ദേഹത്തെ ലക്ഷ്യമിട്ട് രാഷ്ട്രീയപ്രേരിതമായ പ്രതിഷേധങ്ങളും സമ്മർദങ്ങളും ആരംഭിച്ചിരുന്നു.
സംഭവത്തെ തുടർന്ന്, വി ശിവദാസൻ എംപി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് കത്ത് നൽകി. സംഭവത്തിൽ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം, കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം, അധ്യാപകരുടെ സുരക്ഷ ഉറപ്പാക്കണം എന്നീ ആവശ്യങ്ങൾ വി ശിവദാസൻ എംപി മുന്നോട്ടുവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്രമത്തിനും ഭീഷണിപ്പെടുത്തലിനും ഇടമില്ലെന്ന ശക്തമായ സന്ദേശം സർക്കാർ നൽകണമെന്ന് എംപി കത്തിൽ ആവശ്യപ്പെട്ടു.










0 comments