print edition ഇ20 വേണ്ട; രണ്ടര ലക്ഷത്തോളം പരാതിയുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്

ഇ20 പെട്രോൾ നയത്തിനെതിരെ ആം ആദ്‌മി പാർടി പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ കെജ്-രിവാളിന്റെ നേതൃത്വത്തിൽ പരാതികൾ ശേഖരിക്കുന്നു
സ്വന്തം ലേഖകൻ
Published on Aug 05, 2026, 12:18 AM | 1 min read
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഇ20 നയത്തിൽ പ്രതിഷേധിച്ച് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ നരേന്ദ്രമോദിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. കെജ്‌രിവാളിന്റെ വസതിയിൽനിന്നാരംഭിച്ച് ഫിറോസ് ഷാ റോഡിലെത്തിയപ്പോഴാണ് തടഞ്ഞത്. പെട്രോൾ, ഇ20 എന്നിവയിൽ ഏത് ഉപയോഗിക്കണമെന്നതിനുള്ള സ്വാതന്ത്ര്യം വാഹന ഉടമകൾക്ക് ഉണ്ടാകണം.
ഇ20യേക്കാൾ കുറഞ്ഞ വിലയിൽ പെട്രോൾ നൽകണം, പെട്രോള്‍ ലിറ്ററിന് 84 രൂപയിൽ താഴെയാകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രണ്ടര ലക്ഷത്തോളം പരാതിയുമായാണ് മാർച്ച്. എഎപി കൺവീനർ കെജ്‌രിവാൾ, മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി തുടങ്ങിയവരെ പ്രധാനമന്ത്രിയെ കാണുന്നതിൽനിന്ന് തടഞ്ഞു.
കേന്ദ്രം വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. കേന്ദ്രസേനകയേയും രംഗത്തിറക്കി. മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരാതികൾ ഡൽഹി പൊലീസിന് കൈമാറി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തെത്തുടർന്നാണ് കേന്ദ്രം എഥനോൾ കലർത്തുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു. ‘യുഎസിൽനിന്ന് പെട്രോൾ വാങ്ങണമെന്ന ട്രംപിന്റെ ആവശ്യത്തിനുമുന്നിൽ മോദി വഴങ്ങി. ഇ20 അടിച്ചേൽപ്പിക്കുന്നതിൽനിന്ന് പിൻവാങ്ങിയില്ലെങ്കിൽ രാജ്യം മറ്റൊരു വലിയ പോരാട്ടത്തിന് സാക്ഷിയാവും’ – കെജ്‌രിവാൾ പറഞ്ഞു. ഇ20 നയത്തിനെതിരെ പഞ്ചാബിലെ എഎപി സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയിട്ടുണ്ട്.









0 comments