എല്ലാ ഔദ്യോഗിക രേഖകളും സ്വന്തമായി ഉള്ളവർ, അനധികൃത കയ്യേറ്റം എന്ന കോൺഗ്രസ് വാദം പച്ചക്കള്ളം: എ എ റഹിം

ബുൾഡോസർ രാജിനിരയായ ജനങ്ങളുമായി എ എ റഹിം സംസാരിക്കുന്നു
ബംഗളൂരു: കർണാടകയിൽ ആയിരത്തിലേറെ മനുഷ്യരെ തെരുവിലിറക്കിവിടുകയും വീടുകൾ ബുൾഡോസർകൊണ്ട് ഇടിച്ചുനിരത്തുകയും ചെയ്തതിന് കോൺഗ്രസ് പറയുന്ന വാദം പച്ചക്കള്ളമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി. അനധികൃത കുടിയേറ്റം ഒഴിപ്പിച്ചു എന്നാണ് നടപടിയെ കോൺഗ്രസ് ന്യായീകരിച്ചത്. എന്നാൽ അത് ശുദ്ധ അസംബന്ധമാണ്. എല്ലാ ഇരകൾക്കും വോട്ടർ ഐ ഡി, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളും സ്വന്തമായി ഉണ്ട്. അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു എന്ന കോൺഗ്രസ് വാദം ശുദ്ധ അസംബന്ധമാണെന്നും സംഭവസ്ഥലം സന്ദർശിച്ചശേഷം റഹിം പ്രതികരിച്ചു.
സാധുക്കളായ മനുഷ്യരുടെ വീടുകളും സ്വപ്നങ്ങളുമാണ് കോൺഗ്രസ് സർക്കാർ തകർത്തത്. ഇരകാളക്കപ്പെട്ട എല്ലാവരും മുസ്ലിങ്ങളും ദളിതരും. തെരുവിൽ ഭിക്ഷ എടുത്തും, ഖവാലി പാടിയും വർഷങ്ങൾ പണിപ്പെട്ട് പണിത വീടുകളാണ് ഡിസംബർ 20 ന് പുലർച്ചെ മൂന്ന് മണിക്കൂർ കൊണ്ട് ഭ്രാന്ത്‌പിടിച്ച ഭരണകൂടം ഇടിച്ചു നിരത്തിയത്. കോൺഗ്രസ് നേതാവും റവന്യുമന്ത്രിയുമായ കൃഷ്ണ ഭൈരെ ഗൗഢയുടെ സ്വന്തം മണ്ഡലത്തിലാണ് ക്രൂരമായ ഈ ബുൾഡോസർ രാജ് നടന്നത്. ഈ നിമിഷം വരെ അദ്ദേഹം അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോഴും കൂരകൾ നഷ്ടമായ പാവങ്ങൾ കടുത്ത മഞ്ഞിൽ, ആ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് നടുവിൽ തുടരുകയാണ്.
രാജ്യത്തു എല്ലായിടത്തും സംഘപരിവാർ മുസ്ലിങ്ങൾക്കും ദളിതർക്കും നേരെ നടത്തിയ ബുൾഡോസർ രാജുകൾക്ക് അവർ നൽകിയ ന്യായീകരണം അനധികൃത കുടിയേറ്റങ്ങൾ ഒഴിപ്പിച്ച സ്വാഭാവിക നടപടിയെന്നാണ്. അതേ ന്യായീകരണം തന്നെയാണ് കോൺഗ്രസും ആവർത്തിക്കുന്നത്.
ബംഗളൂരു നഗരത്തിലെ അനധികൃത നിർമാണങ്ങളിൽ സമ്പന്നരുടെയും മറ്റ് പ്രിവിലേജ് വിഭാഗങ്ങളുടെയും നേർക്ക് ഇതേ ബുൾഡോസറുകൾ പറഞ്ഞയക്കാൻ കോൺഗ്രസ് സർക്കാർ തയ്യാറാകുമോ? നിർമാണ പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കാൻ എന്തിനാണ് ബുൾഡോസറുകൾ അയച്ചത് ? ഒരു പുലർച്ചയിൽ ഗർഭിണികൾ ഉൾപ്പെടെയുള്ള സ്ത്രീകളെയും കുഞ്ഞുങ്ങളെയും കിടപ്പ് രോഗികളെളും വൃദ്ധരെയും എന്തിനാണ് മനുഷ്യത്വ വിരുദ്ധമായി കുടിയിറക്കിയത്? ദുർബലരായ ആ മനുഷ്യർക്കുവേണ്ടി ആദ്യമായി ശബ്ദമുയർത്തിയത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ആദ്യമായി ഇവിടേക്ക് മാധ്യമങ്ങൾ എത്താൻ തുടങ്ങിയത്, പിണറായി വിജയൻ ഇത് സംബന്ധിച്ച് പ്രതികരിച്ചതിനു ശേഷമാണെന്നും റഹിം പറഞ്ഞു.
ഡിവൈഎഫ്ഐ കർണാടക സംസ്ഥാന സെക്രട്ടറി ബസവരാജ് പൂജ്ജാർ, ഡിവൈഎഫ്ഐ നേതാവ് എ ആർ നരേഷ് ബാബു തുടങ്ങിയ മറ്റു നേതാക്കളും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
ബംഗളൂരു യെലഹങ്ക കൊഗിലുവിലെ മുസ്ലിം ഭൂരിപക്ഷമായ ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും വീടുകളാണ് കോൺഗ്രസ് സർക്കാർ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തിയത്.30 വര്‍ഷമായി താമസിക്കുന്നവരെ പുനരധിവാസമോ മറ്റ്‌സൗകര്യമോ ഒരുക്കാതെ ശനിയാഴ്‌ച പുലര്‍ച്ചെ നാലോടെ ജെസിബികളും വൻ പൊലീസ് സന്നാഹങ്ങളുമായെത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ കുടിയിറക്കുകയായിരുന്നു. പ്രതിഷേധിച്ചവര്‍ക്കെതിരെ ബലപ്രയോഗം നടത്തി.











0 comments