ad
Deshabhimani

print edition തമിഴ്‌നാടിനെ തഴഞ്ഞാൽ തെരുവിലിറങ്ങും; കേന്ദ്രത്തിന്‌ മുന്നറിയിപ്പുമായി സ്റ്റാലിൻ

m k stalin
വെബ് ഡെസ്ക്

Published on Apr 15, 2026, 12:00 AM | 1 min read

ചെന്നൈ: തെരഞ്ഞെടുപ്പിനിടെ കൂടിയാലോചനയില്ലാതെ മണ്ഡല പുനർനിർണയം നടത്തുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചൊവ്വാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ്‌ സ്റ്റാലിന്‍ കേന്ദ്രത്തിന് ശക്തമായ താക്കീത് നല്‍കിയത്.


‘ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തുകയാണെങ്കിൽ തമിഴ്‌നാട്‌ അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലിമെന്ററി പ്രാതിനിധ്യം കുറയും. കേന്ദ്രസർക്കാർ ജനസംഖ്യ നിയന്ത്രിക്കണമെന്ന്‌ പറഞ്ഞപ്പോൾ നമ്മൾ അനുസരിച്ചു. അന്ന്‌ കാണിച്ച അനുസരണയ്ക്കുള്ള നന്ദികേടാണോ കേന്ദ്രം ഇപ്പോൾ കാണിക്കുന്നത്‌. വരുന്ന പാർലിമെന്റ്‌ സമ്മേളനത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അംഗങ്ങളും പങ്കെടുക്കും. പക്ഷേ തമിഴ്‌നാടിന്റെ അവകാശങ്ങൾ ഹനിക്കുന്ന എന്തെങ്കിലും നടപ്പാക്കുകയോ ഉത്തരേന്ത്യൻ സംസ്ഥാനത്തിന്‌ മുൻഗണന കൊടുക്കുകയോ ചെയ്താൽ ഞങ്ങൾ നിശബ്‌ദരായി ഇരിക്കില്ല. എല്ലാ മനുഷ്യരെയും കൂട്ടി പ്രക്ഷോഭത്തിനായി ഞങ്ങൾ തെരുവിലേക്കിറങ്ങും.


തെരഞ്ഞെടുപ്പ്‌ സമയമാണെന്ന്‌ കരുതി പ്രതികരിക്കില്ലെന്ന മിഥ്യധാരണ ഉണ്ടാവരുത്‌. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായല്ല, ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ നേതാവായി പറയുകയാണ്‌, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത തമിഴ്‌നാടായി ഞങ്ങൾ മാറും. 1950കളിലും 1960കളിലും ഇന്ത്യ കണ്ട തമിഴ്‌നാടായി ഞങ്ങൾ മാറും. ഇത്‌ മുന്നറിയിപ്പാണ്‌, ഭീഷണിയല്ല’ – സ്റ്റാലിൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home