ആംബുലൻസ് എത്തിയില്ല; തെലങ്കാനയില്‍ ഗർഭിണിയായ യുവതിയെ കാളവണ്ടിയിൽ ആശുപത്രിയിലെത്തിച്ചു

കൊമരംഭീം ആസിഫാബാദ് : റോഡിന്റെ മോശം അവസ്ഥയെതുടർന്ന് ആംബുലൻസ് എത്താത്തതിനാൽ ഗർഭിണിയായ യുവതിയെ കാളവണ്ടിയിൽ ആശുപത്രിയിലെത്തിച്ചു. തെലങ്കാനയിലെ കൊമരംഭീം ആസിഫാബാദ് ജില്ലയിലുള്ള സർകേപള്ളി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. തെലങ്കാനയിലെ പല ഗ്രാമങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത ഇപ്പോഴുമുള്ളതായി റിപ്പോർട്ടുകളുണ്ട്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചും യാത്രാദുരിതത്തെക്കുറിച്ചും നിരവധി റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
കൊമരംഭീം സ്വദേശിയായ കരിഷ്മയ്ക്കാണ് ദുരനുഭവമുണ്ടായത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടയുടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾ ആംബുലൻസിന്റെ സഹായം തേടി. എന്നാൽ റോഡുകൾ തകർന്ന് ചെളിനിറഞ്ഞ അവസ്ഥയിലായതിനാൽ ആംബുലൻസിന് ഗ്രാമത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. ഗ്രാമത്തിലേക്ക് പുറപ്പെട്ട ആംബുലൻസ് മരേപള്ളി എന്ന സ്ഥലത്തുവെച്ച് വഴിയിൽ കുടുങ്ങുകയായിരുന്നു. ചെളിനിറഞ്ഞ റോഡിലൂടെ എത്താൻ കഴിയില്ലെന്ന് അറിയച്ചതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കരിഷ്മയെ കാളവണ്ടിയിൽ കയറ്റി ആംബുലൻസിന് അരികിലെത്തിച്ചു.
അവിടെ നിന്ന് ആംബുലൻസിൽ വാങ്കിടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് കരിഷ്മ പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ തെലങ്കാനയിലെ സർകേപള്ളി - മരേപള്ളി റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നു. മോശം റോഡുകൾ കാരണം വർഷങ്ങളായി തങ്ങൾ യാത്രാദുരിതമനുഭവിക്കുകയാണെന്ന് ജനങ്ങൾ പറഞ്ഞു.










0 comments