എസ്‌ഐആർ നടപടികളുടെ പഠനം
print edition ജസ്‌റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായി അഞ്ചംഗ സ്വതന്ത്ര കമീഷൻ

ന്യൂഡൽഹി : കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്‌ഐആർ നടപടികളെക്കുറിച്ച് ശാസ്‌ത്രീയമായി പഠിക്കാൻ സ്വതന്ത്ര കമീഷൻ പ്രഖ്യാപിച്ച് രാജ്യത്തെ അഭിഭാഷകരുടെ സംഘടന. റിട്ട.സുപ്രീംകോടതി ജഡ്‌ജി മദൻ ബി ലോകൂർ അധ്യക്ഷനായി അഞ്ചംഗ കമീഷനെ ഭരണഘടനയ്‌ക്കായുള്ള അഭിഭാഷകരുടെ അസോസിയേഷൻ(എൽഎഎഫ്‌സി) പ്രഖ്യാപിച്ചു.
സുപ്രീംകോടതി മുൻ ജഡ്‌ജി എ കെ പട്‌നായിക്, ജമ്മുകശ്‌മീർ മുൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ബദർ ദുറേസ് അഹമ്മദ്, ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി രേഖ ശർമ , പട്‌ന ഹൈക്കോടതി മുൻ ജഡ്‌ജി അഞ്ജന പ്രകാശ് എന്നിവരാണ് കമീഷൻ അംഗങ്ങൾ.
അർഹരായ എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പാക്കിയിട്ടുണ്ടോ, അനർഹരെ നീക്കിയോ തുടങ്ങി എസ്‌ഐആർ നടപടിയുടെ ആഘാതത്തെപ്പറ്റി കമീഷൻ സമഗ്ര പഠനം നടത്തും. രാജ്യവ്യാപമായി ജനങ്ങളെ കേട്ട് ഡിസംബറിൽ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. പ്രമുഖ അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, ചന്ദർ ഉദയ് സിങ്, രാജു രാമചന്ദ്രൻ, റെബേക്ക ജോൺ, വൃന്ദ ഗ്രോവർ തുടങ്ങിയ മുതിർന്ന അഭിഭാഷകർ കമീഷന് നിയമോപദേശം നൽകും. സമിതി പ്രവർത്തനത്തെ സഹായിക്കാൻ പ്രത്യേക ഗവേഷണ വിഭാഗവും രൂപീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ എസ്‌ഐആർ നടപടികൾ ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി പരിഗണിക്കവേയാണ് സ്വതന്ത്ര കമീഷന്റെ രൂപീകരണം.









0 comments