അഹമ്മദാബാദിൽ അഞ്ചംഗ കുടുംബം ജീവനൊടുക്കി; മരിച്ചവരിൽ മൂന്ന് കുട്ടികളും

അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവനൊടുക്കി. അഹമ്മദാബാദിൽ താമസിക്കുന്ന വിപുൽ കാഞ്ചി വാഗേല (34), ഭാര്യ സൊണാൽ വാഗേല (26), മക്കളായ കരീന(11), മയൂർ(8), പ്രിൻസി (5) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദ് ജില്ലയിലെ ധോൽക്കയിലാണ് സംഭവം.
ബഗോദരയിലെ വാടക വീട്ടിലാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് വിവരം ലഭിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് ജാട്ട് പറഞ്ഞു. വിഷം ഉള്ളിൽ ചെന്നാണ് മരണം.
വിപുൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നുവെന്നാണ് വിവരം. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായാണ് റിപ്പോർട്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹരിയാനയിലെ പഞ്ച്കുലയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കകമാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം പഞ്ച്കുലയിലെ സെക്ടർ 27 ൽ ഒരു കുടുംബത്തിലെ ഏഴ് പേരെ പൂട്ടിയിട്ട കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുണ്ടായ കൂട്ട ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ നിഗമനം.










0 comments