കോടതിയിൽ നിന്ന് തിരിച്ചെത്തിയ പതിനാറുകാരനെ ജുവനൈൽ ഹോമിൽ മരിച്ച നിലയില്‍ കണ്ടെത്തി

ഭബുവ : ബിഹാറിൽ ജുവനൈൽ ഹോമിൽ കഴിയുകയായിരുന്ന പതിനാറുകാരൻ മരിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് മരണം.
ബിഹാറിലെ ഭബുവ സ്വദേശി നിസാമുദ്ദീൻ റെയിൻരെ മകനാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കളും നാട്ടുകാരം രംഗത്തെത്തി. കോടതിയിൽ വെച്ച് കുടുംബാംഗങ്ങളെ കണ്ടപ്പോൾ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. കോടതി നടപടികൾക്ക് ശേഷം ജുവനൈൽ ഹോമിലേക്ക് തിരികെ കൊണ്ടുപോയി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് മരണം സംഭവിച്ചതായി കുടുംബത്തിന് വിവരം ലഭിക്കുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ്-ഭരണകൂട ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.
അതേസമയം, കോടതിയിൽ നിന്ന് തിരിച്ചെത്തിയ കുട്ടി ശുചിമുറിയിൽ പോയെന്നും ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയുമായിരുന്നുവെന്ന് ഭഭുവ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അമിത് കുമാർ വ്യക്തമാക്കി.
ശുചിമുറിയിൽ കാൽവഴുതി വീണ് പരിക്കേറ്റതാകാമെന്നാണ് സംശയിക്കുന്നതെന്നും അമിത് കുമാർ പറഞ്ഞു. പോസ്റ്റ്‌മാർട്ടം, ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.









0 comments