ad
Deshabhimani

എട്ടാം ശമ്പള കമീഷന്‌ അനുമതി

8th pay commission
വെബ് ഡെസ്ക്

Published on Jan 17, 2025, 03:00 AM | 1 min read


ന്യൂഡൽഹി : കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള എട്ടാം ശമ്പള കമീഷന്‌ രൂപം നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ മാത്രം ശേഷിക്കെയാണിത്‌. കമീഷൻ ചെയർമാനെയും രണ്ടംഗങ്ങളെയും വൈകാതെ പ്രഖ്യാപിക്കുമെന്ന്‌ മന്ത്രിസഭാ യോഗശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവ്‌ അറിയിച്ചു. നിലവിലെ ഏഴാം ശമ്പളകമീഷൻ ശുപാർശകളുടെ കാലാവധി 2025 ഡിസംബറിൽ അവസാനിക്കും. എട്ടാം ശമ്പളകമീഷൻ ശുപാർശകൾ 2026 ജനുവരി ഒന്ന്‌ മുതൽ പ്രാബല്യത്തിലാകും.



ശമ്പള കമീഷൻ ശുപാർശകളിൽ നടപടി എടുക്കാതിരുന്ന കേന്ദ്ര സർക്കാരിനെതിരെ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങാനിരിക്കെയാണ് തീരുമാനം. പുതിയ ശമ്പള കമീഷൻ രൂപീകരിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന്‌ ഡിസംബറിൽ പാർലമെന്റിൽ ചോദ്യത്തിന്‌ മറുപടിയായി ധനസഹമന്ത്രി പങ്കജ്‌ ചൗധുരി അറിയിച്ചിരുന്നു.


തുടർന്ന്‌ ജീവനക്കാരുടെ സംഘടനകൾ സമരപരിപാടികൾ പ്രഖ്യാപിച്ചു. സമ്മർദം ശക്തിപ്പെട്ടതോടെയാണ്‌ ഡൽഹി തെരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടാണ്‌ സർക്കാരിന്റെ പ്രഖ്യാപനം.


പുതിയ ശമ്പളം നിശ്ചയിക്കാൻ ഏഴാം കമീഷൻ മുന്നോട്ടുവച്ച ഫിറ്റ്മെന്റ്‌ ഘടകം 2.57 ആയിരുന്നു. എട്ടാം ശമ്പള കമീഷൻ നിശ്ചയിക്കുന്ന ഫിറ്റ്‌മെന്റ്‌ ഘടകം 2.28 അല്ലെങ്കില്‍ 2.86 ആയിരിക്കുമെന്ന്‌ റിപ്പോർട്ടുകളുണ്ട്‌. 2.28 ആണ്‌ ഫിറ്റ്‌മെന്റ്‌ ഘടകമെങ്കിൽ കുറഞ്ഞ വേതനം 41000 രൂപ വരെയായി ഉയരാം.

പുതിയ കമീഷൻ ശുപാർശകൾ നിലവിൽ വരുമ്പോൾ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിൽ ലയിപ്പിക്കാറുണ്ട്‌. 2026 ജനുവരിയിൽ കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത 70 ശതമാനമായിരിക്കും. ഇത്‌ കൂടി ചേർത്തുള്ളതാകും പുതിയ അടിസ്ഥാനശമ്പളം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home