ad
Deshabhimani

പട്ടേല്‍പ്രതിമയ്‌ക്കായി എണ്ണക്കമ്പനികളുടെ ഫണ്ട‌് ; അസാധാരണ നടപടിയെന്ന് സിഎജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2018, 09:14 PM | 0 min read

ന്യൂഡൽഹി
സർദാർ പട്ടേൽ പ്രതിമാനിർമാണത്തിന‌് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഫണ്ട‌് ചട്ടം ലംഘിച്ച‌് വകമാറ്റി വിനിയോഗിച്ചു. ദാരിദ്രനിര്‍മാർജനത്തിനടക്കമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോ​ഗിക്കാനുള്ള കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടാണ് (സിഎസ‌്ആർ) പ്രതിമയുണ്ടാക്കാന്‍ നല്‍കിയതെന്ന് കംപ‌്ട്രോളർ ആൻഡ‌് ഓഡിറ്റ‌് ജനറൽ (സിഎജി) കണ്ടെത്തി. ഒഎൻജിസി, ബിപിസിഎൽ, എച്ച‌്പിസിഎൽ, ഓയിൽഇന്ത്യ കമ്പനികൾ സിഎസ്ആര്‍ ഫണ്ടില്‍നിന്ന‌് 150 കോടിയോളം രൂപയാണ് ചട്ടം ലംഘിച്ച‌് നല്‍കിയത്. ഗുജറാത്തിലെ 14 പൊതുമേഖലാസ്ഥാപനങ്ങള്‍ ഇത്തരത്തില്‍104.88 കോടി വകമാറ്റി.

ഇത്തരം ചെലവുകൾ സിഎസ‌്ആർ ഫണ്ടിൽനിന്ന‌് വകയിരുത്തിയത‌് അസാധാരണമാണെന്ന‌് സിഎജി ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ കടുത്ത സമ്മർദത്തെ തുടർന്നാണ‌് സിഎസ‌്ആർ ഫണ്ടിൽനിന്ന‌് പ്രതിമ നിർമിക്കാൻ കമ്പനികള്‍ പണം നല്‍കിയത്. സ്ഥാപനങ്ങളുടെ ഡയറക്ടർമാരോ ഓഡിറ്റ‌് കമ്മിറ്റിയോ പ്രതിമാനിർമാണത്തിന‌് തുക വകമാറ്റിയ അസാധാരണനടപടിയെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല.

കമ്പനീസ‌് ആക്ട‌് 135, 149 വകുപ്പുകൾ പ്രകാരം, പ്രതിമ നിർമിക്കാന്‍ സിഎസ‌്ആർ ഫണ്ട‌് വഴിമാറ്റുന്നത് ​ഗുരുതരപിഴവാണ്. സിഎസ‌്ആർ ഫണ്ട‌് എന്തൊക്കെ പദ്ധതികൾക്ക‌് വിനിയോഗിക്കാമെന്ന‌് കമ്പനീസ‌് ആക്ട‌് ഏഴാം ഷെഡ്യൂളിൽ വ്യക്തമാക്കുന്നു.  പട്ടിണി, ദാരിദ്രം, പോഷകാഹാരക്കുറവ‌് തുടങ്ങിയവ പരിഹരിക്കാനുള്ള പദ്ധതികൾക്ക‌് സിഎസ‌്ആർ ഫണ്ടിൽനിന്ന‌് സംഭാവന നൽകാം. സ‌്ത്രീകൾ, കുട്ടികൾ, ഭിന്നശേഷി വിഭാഗക്കാർ തുടങ്ങിയവർക്ക‌് വിദ്യാഭ്യാസവും തൊഴിൽപരിശീലനവും നൽകുന്ന പദ്ധതികൾക്കും ഈ ഫണ്ടിൽനിന്ന‌് സഹായം നൽകാം. ഗ്രാമ വികസനപദ്ധതികൾ, ചേരി നിർമാർജന യജ്ഞങ്ങൾ, പരിസ്ഥിതിയും വന്യജീവി വൈവിധ്യവും സംരക്ഷിക്കാനുള്ള പദ്ധതികൾ തുടങ്ങിയവയ‌്ക്കും സിഎസ‌്ആർ ഫണ്ട‌ിൽനിന്ന‌് സഹായം അനുവദിക്കാറുണ്ട‌്.

ഫണ്ട‌് വകമാറ്റിയത‌് തെറ്റാണെന്ന‌് സാമ്പത്തിക കാര്യവിഭാ​ഗം സെക്രട്ടറിയായിരുന്ന ഡോ. ഇ എ എസ‌് ശർമ, കോർപറേറ്റ‌് മന്ത്രാലയം സെക്രട്ടറി ഐ ശ്രീനിവാസിന‌് കത്ത‌് നൽകി. കേന്ദ്ര, സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ പൊതുധനം ചട്ടം ലംഘിച്ച‌് വകമാറ്റി ചെലവിട്ടതിനെ കുറിച്ച‌് നിഷ‌്പക്ഷ അന്വേഷണം നടത്തി ഉത്തരവാദികൾക്ക‌് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ശർമ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home