ഇടത് സഖ്യം ജയിച്ചുകയറിയത് വന്‍ഭൂരിപക്ഷത്തില്‍; പ്രധാന കോട്ടകളും എബിവിപിയെ കൈവിട്ടു

ന്യൂഡല്‍ഹി > വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഇടത് വിദ്യാര്‍ത്ഥി സഖ്യം ജെഎന്‍യുവില്‍ വീണ്ടും വിജയക്കൊടി പാറിച്ചത്. എബിവിപിയുടെ പല ശക്തികേന്ദ്രങ്ങളും തകര്‍ന്നടിഞ്ഞു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഉറപ്പാക്കിയ എബിവിപി വോട്ടെണ്ണല്‍ തടസ്സപ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയും ചെയ്‌തിരുന്നു.
67.8 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്. 5185 വിദ്യാര്‍ത്ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. എബിവിപിയുടെ ശക്തികേന്ദ്രമായ സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സസില്‍ മൂന്നു കൌണ്‍സിലര്‍ സ്ഥാനവും ഇടതു വിദ്യാര്‍ഥി സഖ്യം നേടി. ഇവിടെ ആര്‍ എസ് എസ് ബന്ധമുള്ള ഒരു പ്രൊഫസര്‍ എട്ടു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭവും ഇവിടെ നടന്നിരുന്നു. അഖിലേഷ് പ്രതാപ് സിംഗ് ,കൈലാഷ് പ്രസാദ് പ്രജാപതി സുരഭി റാവത്ത് എന്നിവരാണ് വിജയിച്ചത്.
എസ്എഫ്ഐ പിന്തുണയോടെ മത്സരിച്ച പ്രദീപ്‌ത ദേവനാഥ് സ്‌കൂള്‍ ഓഫ് ലൈഫ് ഫിസിക്കല്‍ സയന്‍സിലെ ഏക കൌണ്‍സിലര്‍ സ്ഥാനത്തേക്ക് വിജയിച്ചു. സ്‌കൂള്‍ ഓഫ് എന്‍വയന്മെന്റ് സയന്‍സിലെ കൌണ്‍സിലര്‍ സ്ഥാനങ്ങളും ഇടത് വിദ്യാര്‍ഥി സഖ്യം നേടി. സ്‌കൂള്‍ ഒഫ് കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് സയന്‍സസില്‍ മൂന്നു കൌണ്‍സിലര്‍ സീറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചതും എബിവിപിയ്‌ക്ക് തിരിച്ചടിയായി.
ആയിരത്തിലധി വോട്ടുകളുടെ വന്‍ ഭൂരിപക്ഷമാണ് ഇടതു സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ഇടതു വിദ്യാര്‍ഥി സംഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എന്‍ സായ് ബാലാജി (എ.ഐ.എസ്.എ), വൈസ് പ്രസിഡന്റായി സരിക ചൗധരി (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി ഐജാസ് അഹമ്മദ് റാതര്‍ (എസ്.എഫ്.ഐ), ജോയിന്റ് സെക്രട്ടറിയായി മലയാളിയായ അമുത ജയദീപ് (എഐഎസ്എഫ്) എന്നിവരാണ് മത്സരിച്ചത്.
ജെഎന്‍യുവിന്റെ ഉന്നതമായ ജനാധിപത്യ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും സര്‍വകലാശാലയുടെ കാവിവല്‍ക്കരണത്തെ ചെറുക്കുന്നതിനുമുള്ള സമരങ്ങളുടെ കരുത്തുമായാണ് ഇടത് സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള ജിഎസ്‌കാഷ് സമിതിയെ ദുര്‍ബലപ്പെടുത്തിയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇടതു സഖ്യത്തിനു കീഴിലുള്ള വിദ്യാര്‍ഥി യൂണിയന്‍ നടത്തിയത്. സീറ്റുകള്‍ വെട്ടിക്കുറച്ചതും ജനാധിപത്യ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുമെതിരെ വലിയ പ്രതിരോധങ്ങള്‍ നടന്നു. എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റശേഷം കാണാതായ നജീബിനുവേണ്ടിയുള്ള നിരന്തര സമരങ്ങള്‍ക്കും ജെഎന്‍യു സാക്ഷ്യം വഹിച്ചു.
പ്രസിഡന്റ്
എന്‍ സായി ബാലാജി (ഇടത് സഖ്യം) : 2151 വോട്ട്
ലളിത് പാണ്ഡേ (എ ബി വി പി) : 972 വോട്ട്
ഭൂരിപക്ഷം : 1179 വോട്ട്
ജനറല്‍ സെക്രട്ടറി
ഐജാസ് അഹമ്മദ് (ഇടത് സഖ്യം) : 2426 വോട്ട്
ഗണേഷ് (എ ബി വി പി) : 1235 വോട്ട്
ഭൂരിപക്ഷം : 1193 വോട്ട്
വൈസ് പ്രസിഡന്റ്
സരിഗ ചൗധരി (ഇടത് സഖ്യം) : 2592 വോട്ട്
ഗീത ശ്രീ (എ ബി വി പി) : 1013 വോട്ട്
ഭൂരിപക്ഷം : 1579 വോട്ട്
ജോയിന്റ് സെക്രട്ടറി
അമുത ജയ്‌ദീപ് (ഇടത് സഖ്യം) : 2047 വോട്ട്
വെങ്കട്ട് കോ (എ ബി വി പി) : 1290 വോട്ട്
ഭൂരിപക്ഷം : 757 വോട്ട്










0 comments