രാജ്യത്തെ ഐഐടികളിൽ അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 65 വിദ്യാർഥികൾ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ ഐഐടികളിൽ 65 വിദ്യാർഥികൾ ജീവനൊടുക്കിയതായി റിപ്പോർട്ട്. ഗ്ലോബൽ ഐഐടി അലുമിനി സപ്പോർട്ട് ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 2021 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിലാണിത്. ഇതിൽ 30 മരണങ്ങളും നടന്നത് കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കടുത്ത മാനസിക സമ്മർദ്ദം വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
വിദ്യാർഥികളുടെ മരണത്തിന് പിന്നിൽ വ്യക്തിപരമോ അക്കാദമിക്കോ ആയ കാരണങ്ങളാണെന്ന് ഔദ്യോഗിക വിശദീകരണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും യാഥാർഥ്യം മറിച്ചാണെന്ന് പൂർവ്വ വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. തീവ്രമായ മത്സരം, സാമൂഹിക ഒറ്റപ്പെടൽ, ജാതി-ഭാഷാധിഷ്ഠിതമായ വിവേചനങ്ങൾ എന്നിവ ഐഐടികളിലെ പഠന അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും വിദ്യാർഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ അധികൃതർ ശ്രദ്ധിക്കാതെ പോകുന്നുവെന്ന ഗൗരവകരമായ ആരോപണവുമുണ്ട്.
സ്ഥാപനങ്ങളിൽ ഐഐടി കാൺപൂരിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒമ്പത് മരണങ്ങളാണ് ഇവിടെ നടന്നത്. ഇതേ കാലയളവിൽ ഐഐടി ഖരഗ്പൂരിൽ ഏഴും ഐഐടി ബോംബെയിൽ ഒരു ആത്മഹത്യയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എൻസിആർബി ഡാറ്റ പ്രകാരം 2023 ൽ ഇന്ത്യയിൽ 13,000ലധികം വിദ്യാർഥി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിനം ശരാശരി 36 മരണങ്ങൾ. തുടർന്ന് മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും കൂടുതൽ ജീവൻ നഷ്ടപ്പെടുന്നത് തടയുന്നതിനുമായി സുപ്രീംകോടതി ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു.










0 comments