താനെയിൽ വൻ ലഹരിവേട്ട: 34 കോടി രൂപയുടെ ഹെറോയിൽ പിടികൂടി

പ്രതീകാത്മകചിത്രം
മുംബൈ : മഹാരാഷ്ട്രയിലെ താനെയിൽ വൻ മയക്കുമരുന്ന് വേട്ട. 34.18 കോടി രൂപ വില വരുന്ന 9.7 കിലോഗ്രാം ഹെറോയിൻ പിടികൂടി. ജില്ലയിലെ കല്യാൺ പൊലീസാണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മയക്കുമരുന്ന് കച്ചവടക്കാരനും ഉൾപ്പെടുന്നു. കല്യാൺ ആന്റി- നാർക്കോട്ടിക്സ് ആക്ഷൻ ടീം പ്രദേശത്ത് ഒരാഴ്ചയായി നിരവധി റെയ്ഡുകൾ നടത്തിയതായി അഡീഷണൽ പൊലീസ് കമീഷണർ സഞ്ജയ് ജാദവ് പറഞ്ഞു.
സബ് ഇൻസ്പെക്ടർ അനിൽ ഗെയ്ക്വാദിന്റെ നേതൃത്വത്തിലുള്ള സംഘം ഷഹാപൂർ നിവാസിയായ ഖാസിം അബ്ദുൾ സത്താർ വസൈക്കർ (38), കൃഷ്ണ നാഗപ്പ ഹലേമാനി (36) എന്നിവരെ സാംഗ്ലേവാഡി റോഡിൽ വെച്ചാണ് പിടികൂടിയത്. ഇവരുടെ ബാക്ക്പാക്കുകളിൽ നടത്തിയ പരിശോധനയിൽ 9.2 കിലോഗ്രാം ഹെറോയിനും പണവും കണ്ടെടുത്തു. വസൈക്കറുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 531.69 ഗ്രാം ഹെറോയിൻ കൂടി കണ്ടെത്തി.
തുടർന്ന് മുംബൈയിൽ നിന്ന് ഗണേശൻ പുതുസ്വാമി ജംഗ്മാർ എന്ന അന്ന (71) അറസ്റ്റിലായി. ഏപ്രിൽ 6ന് കല്യാണിൽ നിന്ന് സദ്ദാം ഗഫൂർ ഷെയ്ഖിനെ (32) അറസ്റ്റ് ചെയ്തു. മെയ് 21 ന് നാസിക് ജില്ലയിലെ ഇഗത്പുരിയിൽ നിന്നുള്ള പ്രധാന വിതരണക്കാരനായ അംജദ് യൂസഫ് പത്താനെ (47) മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് കണ്ടെത്തി അറസ്റ്റ് ചെയ്തതാണ് കേസിൽ വഴിത്തിരിവായതെന്ന് ഡിസിപി അതുൽ സെൻഡെ പറഞ്ഞു.
മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി പത്താനെതിരെ 20 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വസൈക്കർ മൂന്ന് കുറ്റകൃത്യങ്ങളിൽ പ്രതിയാണ്, സദ്ദാം ഷെയ്ക്കിനെതിരെ ഏഴ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിൻഡിക്കേറ്റിന്റെ അതിർത്തി കടന്നുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.









0 comments