48 മണിക്കൂർ, രണ്ട് വ്യത്യസ്ത ഓപ്പറേഷനുകൾ; കശ്മീരിൽ ആറ് ഭീകരരെ സൈന്യം വധിച്ചു

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലായി ആറ് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. 48 മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. മാർച്ചിൽ ജമ്മുവിലെ ഗ്രാമ തലവനെ കൊലപ്പെടുത്തിയ ഭീകരനും ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
"ഭീകരർ എവിടെ ഒളിച്ചാലും അവരെ കണ്ടെത്തി നിർവീര്യമാക്കും- ജിഒസി വി ഫോഴ്‌സ് മേജർ ജനറൽ ധനഞ്ജയ് ജോഷി പറഞ്ഞു. കേലാറിലെ ഉയർന്ന പ്രദേശങ്ങളിൽ ഭീകര സംഘത്തിന്റെ സാന്നിധ്യമുള്ളതായി മെയ് 12 നാണ് സൈന്യത്തിന് വിവരം ലഭിച്ചത്. മെയ് 13ന് നടത്തിയ തിരച്ചിലിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. എന്നാൽ സൈന്യം ആക്രമണം നിർവീര്യമാക്കി.
ത്രാലിലെ അതിർത്തി ഗ്രാമത്തിലായിരുന്നു രണ്ടാമത്തെ ഓപ്പറേഷൻ സൈന്യം നടത്തിയത്. സൈന്യം ഗ്രാമം വളഞ്ഞപ്പോൾ തീവ്രവാദികൾ വിവിധ വീടുകളിൽ നിലയുറപ്പിച്ച് സൈന്യത്തിന് നേരെ വെടിയുതിർത്തു. സാധാരണക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയ ശേഷം മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.
ത്രാൽ ഓപ്പറേഷനിൽ സൈന്യം മൂന്ന് തീവ്രവാദികളെ വെടിവച്ചു കൊന്നതായി ജമ്മു കശ്മീർ പോലീസിലെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥർ ഇന്ന് നടത്തിയ ബ്രീഫിംഗിൽ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഭീകരൻ ഷാഹിദ് കുട്ടേയ്ക്ക് ഒരു ജർമ്മൻ ടൂറിസ്റ്റിനെ ആക്രമിച്ചതുൾപ്പെടെ രണ്ട് പ്രധാന ആക്രമണങ്ങളിൽ പങ്കുണ്ടായിരുന്നതായി സൈന്യം പറഞ്ഞു.
കഴിഞ്ഞദിവസം പുൽവാമയിലെ ഒരു ഗ്രാമത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചു. എല്ലാ സാധാരണക്കാരെയും പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതിന് ശേഷമാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്. ഓപ്പറേഷനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരും ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) പ്രവർത്തകരാണ്. ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.









0 comments