സിബിഎസ്ഇ പോര്‍ട്ടൽ വിദ്യാര്‍ഥികളെ "വട്ടം കറക്കുന്നത്" തുടരുന്നു, പരാതി നേരിട്ട് അയച്ചോളൂ എന്ന് ഔദ്യഗിക മറുപടി

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ റീ-ഇവാലുവേഷൻ വെരിഫിക്കേഷൻ പോർട്ടൽ വിദ്യാര്‍ഥികളെ വട്ടം കറക്കുന്നത് തുടരുന്നു. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികൾ കാണാനും മാർക്ക് വെരിഫിക്കേഷന് അപേക്ഷിക്കാനും സാധിക്കുന്നില്ലെന്ന് നിരവധി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടു.
ബുദ്ധിമുട്ട് നേരിടുന്ന ഉദ്യോഗാർത്ഥികളോട് പരാതികൾ ബോർഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് നേരിട്ട് സന്ദേശമായി അയക്കാനാണ് ഇപ്പോൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആവശ്യപ്പെടുന്നത്.
പോർട്ടലിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ പലർക്കും വെരിഫിക്കേഷൻ ഫെയിൽഡ് എന്നും 403 എറർ എന്നും പോലുള്ള സാങ്കേതിക തടസ്സങ്ങളാണ് കാണിക്കുന്നത്. പല വിദ്യാർത്ഥികളും നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളുടെ സ്ക്രീൻഷോട്ടുകൾ സഹിതം എക്സിൽ സിബിഎസ്ഇയെ ടാഗ് ചെയ്ത് രംഗത്തെത്തിയിരുന്നു. ദിവസങ്ങളായി ശ്രമിച്ചിട്ടും പോർട്ടൽ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും പരാതി.
ജൂൺ 6 അർദ്ധരാത്രി വരെയാണ് വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകിയിട്ടുള്ളത്. തകരാറുകൾ ഉണ്ടെങ്കിലും യാതൊരു കാരണവശാലും ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല എന്ന കർശന നിലപാടിലാണ് സിബിഎസ്ഇ. ലോഗിൻ സമയം ദീര്‍ഘിപ്പിച്ച് നൽകിയിട്ടുണ്ട് എന്നും വാദിക്കുന്നു.
സ്വകാര്യ കമ്പനിക്ക് സംരക്ഷണം
മന്ത്രിക്ക് പരിരക്ഷണം
ഡിജിറ്റൽ മൂല്യനിർണ്ണയത്തിനായുള്ള 'ഓൺ-സ്ക്രീൻ മാർക്കിങ്' (OSM) കരാർ നൽകിയിരിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായ കോംപ്റ്റ് എഡ്യൂടെക് എന്ന കമ്പനിക്കാണ്.മുൻപ് 'ഗ്ലോബറീന' (Globarena) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കമ്പനി, 2019-ൽ തെലങ്കാനയിലെ ഇന്റർമീഡിയറ്റ് പരീക്ഷാ ഫല പ്രഖ്യാപനത്തിൽ വലിയ തകരാറുകൾ വരുത്തുകയും നിരവധി വിദ്യാർത്ഥികളുടെ ആത്മഹത്യയ്ക്ക് കാരണമാകുകയും ചെയ്ത സംഭവത്തിൽ ആരോപണം നേരിട്ട കമ്പനിയാണ്. ടിസിഎസ് പോലുള്ള മുൻനിര കമ്പനികളെ മറികടന്ന്, ഈ കമ്പനിക്ക് കരാർ ലഭിക്കാൻ വേണ്ടി സിബിഎസ്ഇ ടെൻഡർ വ്യവസ്ഥകളിൽ വലിയ രീതിയിൽ ഇളവുകൾ വരുത്തിയതായി ആരോപണമുയർന്നു.
വിവാദ കമ്പനിയെ സഹായിക്കാൻ വേണ്ടി സിബിഎസ്ഇ അതിന്റെ സെലക്ഷൻ പ്രോസസ്സിൽ തിരിമറി നടത്തിയെന്നും, ഇതെല്ലാം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അറിവോടെയോ സംരക്ഷണത്തോടെയോ ആണെന്നുമാണ് ഇപ്പോൾ ആരോപണങ്ങൾ.
ആദ്യം പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര സർക്കാരും സിബിഎസ്ഇയും വാദിച്ചെങ്കിലും, പിന്നീട് സുരക്ഷാ വീഴ്ചകൾ സമ്മതിക്കേണ്ടി വന്നത് മന്ത്രിയെ പ്രതിരോധത്തിലാക്കി.
Related News
സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിയാണ് ഏജൻസി മുഖം രക്ഷിച്ചത്. എൽ.പി. സീതാറാമിനെ പുതിയ സിബിഎസ്ഇ ചെയർമാനായും, വരുൺ ഭരദ്വാജിനെ സെക്രട്ടറിയായും നിയമിച്ചു. അപ്പോഴും ആരോപണ മുന ഉദ്യോഗസ്ഥരിലേക്ക് തിരിച്ച് വെച്ചു.
വിദ്യാർത്ഥികളുടെ ഭാവി വെച്ചുകൊണ്ട് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ കരാറിന് പിന്നിൽ നടന്നിരിക്കുന്നത് എന്ന ആരോപണമാണ് ഇപ്പോൾ ശക്തമായി നിലനിൽക്കുന്നത്.










0 comments