നാല് കോടിയുടെ ലഹരി വസ്തുക്കളും വന്യജീവികളുമായി നാലുപേർ മുംബൈയിൽ പിടിയിൽ

മുംബൈ : മുംബൈ വിമാനത്താവളം വഴി ലഹരി വസ്തുക്കളും ഡ്രോണുകളും വിദേശത്തുനിന്നുള്ള വന്യജീവികളെയും കടത്താൻ ശ്രമിച്ചതിന് വ്യത്യസ്ത കേസിൽ നാലുപേർ അറസ്റ്റിൽ. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് വീഡും ജീവനുള്ളതും ഇല്ലാത്തതുമായ വിദേശ ജീവികളെയും ഡ്രോണുകളും കസ്റ്റംസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ബാങ്കോക്കിൽ നിന്നും കൊളംബോയിൽ നിന്നും എത്തിയ യാത്രക്കാരെയാണ് പിടികൂടിയത്. ആദ്യ കേസിൽ 1.96 കോടി രൂപ വിലമതിക്കുന്ന 1.964 കിലോഗ്രാം ഹൈഡ്രോപോണിക് വീഡ് (മരിജുവാന) കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
രണ്ടാമത്തെ കേസിൽ, ഇഗ്വാനകൾ (19), ഓറഞ്ച് ബിയേർഡഡ് ഡ്രാഗണുകൾ (10), റാക്കൂൺ (1), ക്വിൻസ് മോണിറ്റർ പല്ലി (1) അണ്ണാൻ (3), മധ്യ അമേരിക്കൻ അണ്ണാൻ കുരങ്ങ് (2) എന്നിവയുൾപ്പെടെ വന്യജീവികളെ കണ്ടെത്തി. ഇതിൽ റാക്കൂണും ഒരു അണ്ണാനും അമേരിക്കൻ അണ്ണാൻ കുരങ്ങും ചത്ത നിലയിലായിരുന്നു. ട്രോളി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വന്യജീവികൾ. കൊളംബോയിൽ നിന്ന് 32.19 ലക്ഷം രൂപ വിലമതിക്കുന്ന ഏഴ് ഡ്രോണുകളുമായി എത്തിയ മറ്റൊരു യാത്രക്കാരനെയും കസ്റ്റംസ് പിടികൂടി. നാലാമത്തെ കേസിൽ ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് 1.93 കോടി രൂപ വിലവരുന്ന 1.93 കിലോഗ്രാം ഹൈഡ്രോപോണിക് വീഡ് പിടിച്ചെടുത്തത്.










0 comments