print edition കേന്ദ്രസർക്കാർ ആശുപത്രികളിൽ 23,000 ഒഴിവ്

ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രധാനപ്പെട്ട 28 ആശുപത്രികളിൽ 23,000- ലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. രാജ്യസഭയിൽ വി ശിവദാസൻ എം പിയുടെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹി എയിംസിൽ മാത്രം 2,921 തസ്തിക ഒഴിഞ്ഞുകിടക്കുന്നു. മറ്റ് 18 എയിംസുകളിൽ ഫാക്കൽറ്റി തസ്തികകളിൽ നിയമനം നടന്നിട്ടില്ല. ഡൽഹി എയിംസിൽ 1313 അധ്യാപക തസ്തികകളിൽ 873 എണ്ണം മാത്രമാണ് നികത്തിയിട്ടുള്ളത്. 440 ഫാക്കൽറ്റി തസ്തിക ഒഴിഞ്ഞുകിടക്കുന്നു. അധ്യാപകേതര വിഭാഗത്തിൽ 2481 തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
മറ്റ് എയിംസുകളിലെ അനുവദിക്കപ്പെട്ട 4808 ഫാക്കൽറ്റി തസ്തികകളിൽ 3171 എണ്ണം മാത്രമാണ് നികത്തിയത്. രാജ്‌കോട്ട് എയിംസിൽ അനുവദിക്കപ്പെട്ട 183 ഫാക്കൽറ്റി തസ്തികകളിൽ 94 പേർ മാത്രമാണുള്ളത്. ഗുവാഹത്തിയിൽ 183ൽ 119, ബിലാസ്‌പുരിൽ 217ൽ 139, ഗോരഖ്പൂരിൽ 213 ൽ 121 തസ്തികകൾ മാത്രമാണ് നികത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന് കീഴിലുള്ള മറ്റ് പ്രമുഖ ആശുപത്രികളിലും സ്ഥിതിയും സമാനമാണ്. ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് വി ശിവദാസൻ ആവശ്യപ്പെട്ടു.









0 comments