പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡന ശ്രമം; തടയാൻ ശ്രമിച്ച കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന് 21കാരൻ, മൃതദേഹം കട്ടിലിനടിയില്‍

ഇൻഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 13കാരനെ ക്രൂരമായി കൊല്ലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ലൈംഗികാതിക്രമം തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതിക്രമം തടയുന്നതിനിടെ കുട്ടി കരയാനും ബഹളംവയ്ക്കാനും തുടങ്ങി. കഴുത്തില്‍ നൈലോണ്‍ കയർ ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയ ശേഷം പ്രതി ഇഷ്ടിക കൊണ്ട് മുഖം അടിച്ചു തകര്‍ത്തു. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം പ്രതിയുടെ ഫ്ലാറ്റിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച്ച വൈകിട്ട് ഏഴരയോടെയാണ് കുട്ടിയെ കാണാതാകുന്നത്. നേരം ഏറെ വൈകിയിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം തെരച്ചില്‍ ആരംഭിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശനിയാഴ്ച്ച രാവിലെയാണ് കുട്ടിയുടെ ജാക്കറ്റ് ടെറസില്‍ കണ്ടതായി പൊലീസിനു വിവരം ലഭിക്കുന്നത്. കൂടാതെ ഈ ഭാഗത്ത് രക്തക്കറകളും കണ്ടെത്തി. സംശയം തോന്നിയവരെയെല്ലാം പൊലീസ് ചോദ്യംചെയ്തു. സിസിടിവി ദൃശ്യങ്ങളിലും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിയായ 21കാരന്‍ റെഹാനും കുട്ടിയെ തിരയാനായി കുടുംബത്തോടൊപ്പം ചേര്‍ന്നിരുന്നു.
റെഹാന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് പ്രതിയുടെ കൈയിലും കഴുത്തിലും നഖംകൊണ്ട പാടുകളും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെ റെഹാന്‍ പൊട്ടിക്കരയുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം തന്‍റെ മുത്തശിയുടെ കട്ടിലിനടിയില്‍ ഉണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കിടന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.










0 comments