വിധി 23 വര്‍ഷങ്ങൾക്ക് ശേഷം
രാമാവതാർ ജഗ്ഗി വധക്കേസ്; അമിത് ജോഗി കുറ്റക്കാരനെന്ന് ഹൈക്കോടതി

റായ്പൂർ: ഛത്തീസ്ഗഡിനെ പിടിച്ചുലച്ച രാമാവതാർ ജഗ്ഗി വധക്കേസിൽ വഴിത്തിരിവ്. മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകനും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് (JCC-J) നേതാവുമായ അമിത് ജോഗിയെ ഛത്തീസ്ഗഡ് ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. മൂന്നാഴ്ചയ്ക്കുള്ളിൽ കോടതിയിൽ കീഴടങ്ങാൻ ഉത്തരവ് നൽകി.
2007-ൽ വിചാരണ കോടതി അമിത് ജോഗിയെ വെറുതെ വിട്ടിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇതിനെതിരായ അപ്പീൽ വീണ്ടും പരിഗണിച്ചത്.
2003 ജൂൺ 4-നാണ് എൻസിപി നേതാവ് രാമാവതാർ ജഗ്ഗി കൊല്ലപ്പെടുന്നത്. അജിത് ജോഗി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഈ സംഭവം. കേസ് ആദ്യം സംസ്ഥാന പോലീസ് അന്വേഷിച്ചെങ്കിലും വിവാദമായതോടെ പിന്നീട് സിബിഐക്ക് വിട്ടു. അമിത് ജോഗി ഉൾപ്പെടെയുള്ളവർ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തുടരന്വേഷണത്തിൽ സിബിഐ കണ്ടെത്തി.
റായ്പൂരിലെ വിചാരണ കോടതി 2007 ലെ വിധിയിൽ കേസിലെ 28 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. എങ്കിലും അമിത് ജോഗിക്കെതിരെ തെളിവുകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടു. ഇതിനെതിരെ നാല് വര്‍ഷങ്ങൾക്ക് ശേഷം, 2011 ൽ സിബിഐ അപ്പീൽ നൽകി. എന്നാൽ സമയപരിധി കഴിഞ്ഞു എന്ന കാരണത്താൽ ഹൈക്കോടതി അപ്പീൽ തള്ളി.
ഇതോടെ കൊല്ലപ്പെട്ട രാമാവതാര്‍ ജഗ്ഗിയുടെ മകൻ സതീഷ് ജഗ്ഗി സുപ്രീം കോടതിയിൽ എത്തി. 2025 നവംബറിൽ കേസ് വീണ്ടും പരിഗണിച്ച സുപ്രീം കോടതി അപ്പീൽ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. ഇതോടെയാണ് കേസിൽ പുതിയ വിധി വരുന്നത്.
സുപ്രീം കോടതി നിർദ്ദേശപ്രകാരം കേസിൽ വീണ്ടും വാദം കേട്ട ചീഫ് ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് അരവിന്ദ് കുമാർ വർമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. വിചാരണ കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിയ കോടതി, അമിത് ജോഗി ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കണ്ടെത്തുകയും മൂന്നാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തു. 11,000 പേജുള്ള കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്.
ഛത്തീസ്ഗഡ് രൂപീകരണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നാണ്. ഈ കേസിൽ പതിറ്റാണ്ടുകൾക്ക് ശേഷമാണ് പുതിയ ഉത്തരവ് വരുന്നത്.
കൊല്ലപ്പെട്ട രാമാവതാര്‍ ജഗ്ഗി
കേസിന്റെ പശ്ചാത്തലം
2003 ജൂൺ 4-നാണ് ഛത്തീസ്ഗഡ് എൻസിപി ട്രഷററായ രാമാവതാർ ജഗ്ഗി വെടിയേറ്റ് കൊല്ലപ്പെടുന്നത്. അജിത് ജോഗി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ഈ സംഭവം. രാഷ്ട്രീയ പ്രതിയോഗിയെ ഇല്ലാതാക്കാൻ നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കേസിൽ ആകെ 31 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ മാപ്പുസാക്ഷികളാവുകയും 28 പേരെ 2007-ൽ വിചാരണ കോടതി ശിക്ഷിക്കുകയും ചെയ്തു. എന്നാൽ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെട്ട അമിത് ജോഗിയെ തെളിവുകളുടെ അഭാവത്തിൽ അന്ന് വെറുതെ വിട്ടു.
ശിക്ഷിക്കപ്പെട്ട അമിത് ജോഗി
അമിത് ജോഗിയെ വെറുതെ വിട്ടതിനെതിരെ കൊല്ലപ്പെട്ട നേതാവിന്റെ മകൻ സതീഷ് ജഗ്ഗി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസിൽ വീണ്ടും വഴിത്തിരിവുണ്ടായത്. സിബിഐ നൽകിയ അപ്പീൽ വൈകിയെന്ന കാരണത്താൽ മുൻപ് ഹൈക്കോടതി തള്ളിയ കേസാണ്. എന്നാൽ, ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് മെറിറ്റടിസ്ഥാനത്തിൽ വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദ്ദേശം നൽകി.
മുൻ കേന്ദ്രമന്ത്രി വി സി ശുക്ലയും അജിത് ജോഗിയും തമ്മിൽ കടുത്ത രാഷ്ട്രീയ മത്സരം നിലനിന്നിരുന്ന കാലഘട്ടമാണ്. വി സി ശുക്ലയുടെ വിശ്വസ്തനും എൻസിപി ട്രഷററുമായിരുന്നു രാമാവതാർ ജഗ്ഗി.










0 comments